/indian-express-malayalam/media/media_files/uploads/2023/07/Aluva-Murder-Case.jpg)
പ്രതി അസ്ഫാക് ആലം
ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പിതാവ്. ''പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്,'' പിതാവ് പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ല. അവരിൽ പൂർണ വിശ്വാസമുണ്ട്. മന്ത്രിമാർ എത്തിയില്ലെങ്കിലും കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന വിമർശനത്തിനിടെ, ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ കുടുംബത്തെ സന്ദർശിച്ചു.
അതേസമയം, കുട്ടിയുടെ വീടിന്റെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. അസ്ഫാക് ആലം എന്ന പ്രതി താമസിച്ച മുറിയിലടക്കം പരിശോധന നടത്തുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്നു നൽകും. ആലുവ പോക്സോ കോടതിയിൽ പുതിയ എഫ്ഐആറും ഫയൽ ചെയ്യും. പ്രതി അസ്ഫാഖ് ആലം 14 ദിവസത്തെ റിമാൻഡിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവയിലെ പെരിയാർ തീരത്തുനിന്നും ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.