തിരുവനന്തപുരം: തന്നെ പരിഹസിച്ച സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി. ‘പ്രായമായില്ലേ, അതുകൊണ്ട് വിഎസിന് എന്തും പറയാം’ എന്നായിരുന്നു വിഎസിനു മറുപടിയായി കണ്ണന്താനം പറഞ്ഞത്.

കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന്‍ മാറാനാവരുതാത്തതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന തിരിച്ചറിവ് കൂടിയാണ് ഇത് ഇടതുപക്ഷത്തിന് നല്‍കുന്നത്. ഒരുതരത്തിലും സന്ധിചെയ്യാന്‍ വകുപ്പില്ലാത്ത ഒരു ഘട്ടത്തില്‍, തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തത് എന്നും വിഎസ് പ്രസ്താവിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ