തിരുവനന്തപുരം: നിരാശരായി വെറുതെ ഇരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ക്കെതിരെ ട്രോളുകളുമായി വരുന്നതെന്ന് എറണാകുളം എന്‍ഡിഎ സ്ഥാനാർഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇടതും വലതും ഭരിച്ച് മുടിച്ചിരിക്കുകയാണ് കേരളം. ഇവിടെ വിദ്യാഭ്യാസം ഇല്ലാതെ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തിരികെ വരികയാണ്. അപ്പോള്‍ ആ നിരാശ ആരോടെങ്കിലും തീര്‍ക്കണം. ഇവര്‍ക്ക് കത്തി എടുത്ത് ഒരാളെ കൊല്ലാനുളള ധൈര്യമൊന്നും ഇല്ല. അപ്പോള്‍ രാവിലെ ഫോണ്‍ എടുത്ത് ട്രോളുണ്ടാക്കും,’ കണ്ണന്താനം പറഞ്ഞു.

Read: വോട്ട് ചോദിച്ച് കോടതി മുറിയില്‍; കണ്ണന്താനം വിവാദത്തില്‍

കണ്ണന്താനത്തെ നോക്കി ചിരിച്ചോട്ടെ. കേരളം സന്തോഷമായിരിക്കട്ടെ. ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല. അതിന്റെ ഐഡി പോലും എനിക്കറിയില്ല. എനിക്ക് 10 കോടി ആളുകളെ ചിരിപ്പിക്കാന്‍ പറ്റുന്നതൊക്കെ സന്തോഷമാണ്. ഇവിടെ ആര് ഷൈന്‍ ചെയ്താലും അവരെ കൊല്ലും. ഞാന്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ട്രോളാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ല,’ കണ്ണന്താനം പറനഞ്ഞു.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം, പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ സംസ്കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്‍റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്‍റെ അഭിപ്രായവും ട്രോളുകള്‍ക്ക് കാരണമായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ