ന്യൂഡൽഹി: കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല പെരുമാറ്റം ഉണ്ടാകാറില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികൾക്കും സംസ്ഥാന ടൂറിസം മന്ത്രിയെ വിളിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശിവഗിരി തീർഥാടക സർക്യൂട്ടിന്‍റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തിലെ ടൂറിസം മന്ത്രിയുമായി ആലോചിച്ചാണ് ഇവിടെ പദ്ധതികൾ നടപ്പാക്കുന്നത്. കത്തിലൂടെ കാര്യങ്ങൾ എല്ലാം മന്ത്രിയെ അറിയിച്ചിരുന്നു. തീരുമാനങ്ങൾ മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ശിവഗിരിയിലെ ചടങ്ങിന്‍റെ പേരിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്. ശിവഗിരി തീർഥാടന സർക്യൂട്ട് ഉദ്ഘാടനം നാളെ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
‘സംസ്ഥനത്തിന്റെ അനുമതി ഈ പദ്ധതിക്ക് ആവശ്യമില്ല. ഇത് കേന്ദ്ര സർക്കാർ പദ്ധതിയാണ്. ആരെ പദ്ധതി ഏൽപ്പിക്കണമെന്നും ഉദ്ഘാടനത്തിന് ആരെ വിളിക്കണമെന്നും കേന്ദ്ര സർക്കാറിന് തീരുമാനിക്കാം. ഉദ്ഘാടനം അടക്കം ചർച്ച ചെയ്താണ് തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.