scorecardresearch
Latest News

ഞാൻ സെൽഫി എടുത്തിട്ടില്ല, വിവാദങ്ങളിൽ പ്രതികരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

‘ ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല’

ഞാൻ സെൽഫി എടുത്തിട്ടില്ല, വിവാദങ്ങളിൽ പ്രതികരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: കശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത് വിവാദത്തില്‍ പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിശദീകരണവുമായി രംഗത്ത്. കഴിഞ്ഞ ദിവസം മന്ത്രി പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. മരണ ചടങ്ങുകള്‍ക്കിടെ കണ്ണന്താനം സെല്‍ഫി എടുത്തത് അനൗചിത്യമായിപ്പോയെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ താന്‍ പോസ്റ്റ് ചെയ്ത ചിത്രം സെല്‍ഫി അല്ലെന്ന് കണ്ണന്താനം പറഞ്ഞു. ‘വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണെന്നും കണ്ണന്താനം വ്യക്തമാക്കി.

‘എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കലക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ്‌ യുവതലമുറ ഉൾപ്പടെയുള്ളവർ ചെയ്യേണ്ടത്,’ കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Alphonse kannanthanam reacts on photo controversy