കോഴിക്കോട്: പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ വിമര്‍ശനം. അനൗചിത്യപരമായ സെല്‍ഫിയില്‍ പ്രതിഷേധം പുകഞ്ഞതോടെ കണ്ണന്താനം ഫെയ്സ്ബുക്കില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി. വി.വി.വസന്ത കുമാറിന്റെ ഭൗതികശരീരം വയനാട് ലക്കിടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴാണ് സെല്‍ഫി ചിത്രവും കുറിപ്പും അടക്കം കണ്ണന്താനം പോസ്റ്റ് ചെയ്തത്.
‘കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വി.വി.വസന്ത കുമാറിന്‍റെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്‍റെ വസതിയിൽ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നത്’, ഇങ്ങനെയായിരുന്നു സംസ്കാര ചടങ്ങിനിടയിൽ ഫെയ്സ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് കണ്ണന്താനം കുറിച്ചത്.
മിനിറ്റുകള്‍ക്കകം കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനു കീഴില്‍ നിറഞ്ഞത്. ജവാന്റെ മൃതദേഹത്തോടുള്ള അനാദരവാണ് സെല്‍ഫിയെന്ന് വ്യാപക വിമര്‍ശനവുമുയര്‍ന്നതോടെ കണ്ണന്താനം ചിത്രവും പോസ്റ്റും പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ഫെയ്സ്ബുക്ക് പോസ്റ്റിന്റെയും ചിത്രത്തിന്റെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ട് സഹിതം കണ്ണന്താനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടരുകയാണ്. നേരത്തെ പ്രളയത്തിന്റെ സമയത്ത് ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തതില്‍ കണ്ണന്താനത്തിനെതിരെ സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.