Latest News

കേന്ദ്രമന്ത്രിക്ക് വകതിരിവ് വേണ്ടേ?: കണ്ണന്താനത്തെ വിമര്‍ശിച്ച് ജന്മഭൂമി മുഖപ്രസംഗം

ജന്മഭൂമി തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്താലും ഒരു കാര്യവുമില്ലെന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി മുഖപത്രം. തിങ്കളാഴ്ച എഴുതിയ ‘ഇക്കുറി മാവേലി വന്നില്ല’ എന്ന മുഖപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി മുഖപത്രം കടന്നാക്രമിക്കുന്നത്.

യുഎഇ കേരളത്തിനനുവദിച്ച ധനസഹായം ലഭ്യമാകണം എന്ന കണ്ണന്താനത്തിന്റെ നിലപാടാണ് ജന്മഭൂമി മുഖപ്രസംഗത്തില്‍ വിമര്‍ശിക്കപ്പെടുന്നത്. ” രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുഴിച്ചുമൂടാന്‍ ദുരന്തമുഖത്തുപോലും അറച്ചുനിന്നില്ല. അവരില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടേ” എന്ന് ജന്മഭൂമി മുഖപ്രസംഗത്തില്‍ ആരായുന്നു.

രാജസ്ഥാനില്‍ നിന്നുമുള്ള ബിജെപി എംപിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേരളത്തില്‍ നിന്നുമുള്ള കേന്ദ്ര സഹമന്ത്രി എന്ന് വിശേഷിപ്പിച്ചാണ് തൊട്ടടുത്ത ഖണ്ഡിക ആരംഭിക്കുന്നത്. ” യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കും. പക്ഷേ അതിമിടുക്ക് ആലോസരമാകും.” എന്ന് തുടങ്ങുന്ന ഖണ്ഡികയില്‍ കേന്ദ്രമന്ത്രിയോട് മിത്വത്വം പ്രകടിപ്പിക്കണം എന്ന ഉപദേശവുമുണ്ട്.

ജന്മഭൂമി മുഖപ്രസംഗത്തില്‍ കണ്ണന്താനത്തെ വിമര്‍ശിക്കുന്ന ഭാഗം

യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്നും ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നുമാണ് കണ്ണന്താനം പറഞ്ഞത്. യുഎഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും അദ്ദേഹം പറയുകയുണ്ടായി.

സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത കേന്ദ്രമന്ത്രിയുടെ ക്യാംപിലെ അന്തിയുറക്കവും ജന്മഭൂമി വിമര്‍ശിക്കുന്നു. ക്യാംപില്‍ കിടന്നുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ എന്ന്‍ ചോദിച്ച മുഖപ്രസംഗം പകരം കിട്ടിയത് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കല്ലേറാണ് എന്നും പറയുന്നു.

ജന്മഭൂമിയുടെ മുഖപ്രസംഗത്തിന് പിന്നാലെ കണ്ണന്താനത്തിന്റെ പ്രതികരണവും വന്നു. ജന്മഭൂമി തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്താലും ഒരു കാര്യവുമില്ലെന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രതികരണം. താന്‍ ആരെയും ഭയന്നല്ല ജീവിക്കുന്നത് എന്ന് പറഞ്ഞ അല്‍ഫോണ്‍സ് കണ്ണന്താനം ആര് എന്തെഴുതിയാലും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു. തന്നെ തോല്‍പ്പിക്കാമെന്ന് കരുതി ആരും വെറുതെ സമയം കളയേണ്ട. തന്റെ രീതികള്‍ അനുസരിച്ച് ജീവിക്കുമെന്ന് അമ്പത് വര്‍ഷം മുന്‍പ് തീരുമാനിച്ചതാണ്. മറ്റാരും പറയുന്നത് അനുസരിച്ചല്ല താന്‍ ജീവിക്കുന്നത് എന്നും കണ്ണന്താനം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ വെബ്സൈറ്റില്‍ മുഖപ്രസംഗം വന്നിരുന്നു. മുഖപ്രസംഗം വാര്‍ത്തയായതോടെ ലേഖനം വെബ്സൈറ്റില്‍ നിന്നും അപ്രതീക്ഷിതമായി. വെബ്സൈറ്റ് ഹാക്ക് ചെയ്തതാണ് എന്നായിരുന്നു കേസരി നല്‍കിയ വിശദീകരണം. മലയാളിയും കേന്ദ്ര ടൂറിസം മന്ത്രിക്കെതിരെ മുഖപ്രസംഗം എഴുതിക്കൊണ്ട് ബിജെപി എടുക്കുന്ന നിലപാട് അല്‍ഫോണ്‍ കണ്ണന്താനത്തോട് സംസ്ഥാന നേതൃത്വത്തിനുള്ള അസ്വാരസ്യം വ്യക്തമാക്കുന്നത് കൂടിയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Alphonse kannanthanam janmabhumi editorial bjp keralam kerala flood

Next Story
‘പള്ളികഴിഞ്ഞു, ഇനി അമ്പലം’ കേരളത്തിലെ ശുചിത്വ പ്രവർത്തനങ്ങളിൽ സിഖ് വോളിന്റിയർമാർ സജീവം
The moderation of comments is automated and not cleared manually by malayalam.indianexpress.com