തിരുവനന്തപുരം: ശിവ​ഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടന വേദിയിലുളളവരെ അവഗണിച്ച് ഉദ്​ഘാടകനായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിച്ചു. ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്പത്ത് എംപിക്കുമൊന്നും അവസരം കൊടുക്കാതെയാണ് മുഴുവൻ തിരികളും കണ്ണന്താനം ഒറ്റയ്ക്കു കത്തിച്ചത്. സംഭവം വേദിയിലിരുന്നവർക്കിടയിൽ എതിർപ്പുണ്ടാക്കിയെങ്കിലും ആരും പരസ്യമായി പ്രകടിപ്പിച്ചില്ല.

വേദിയില്‍ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ വാക്‌പോരും ഉണ്ടായി. സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്ന കേന്ദ്രടൂറിസം പദ്ധതികളില്‍ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് മന്ത്രി ഉദ്ഘാടന വേദിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണിക്കരുത്. ഫെഡറല്‍ മര്യാദകള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം നിരവധി പരിശ്രമങ്ങൾ ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിനായി നടത്തിയിട്ടുണ്ട്. കേരള ടൂറിസത്തെ അവഗണിച്ച് ഐടിഡിസിക്ക് നിര്‍വഹണ ചുമതല നല്‍കിയത് കേന്ദ്രസംസ്ഥാന ബന്ധത്തെ മോശമാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, അതേ വേദിയില്‍ തന്നെ മന്ത്രിക്ക് മറുപടിയുമായി ശ്രീനാരായണ ധര്‍മ്മ സംഘമെത്തി. ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് ഐടിഡിസിയെ ഏല്‍പിക്കാന്‍ സംഘത്തിന് താല്‍പര്യമുണ്ടായിരുന്നു. കേന്ദ്രത്തെ അതിനായി സമീപിച്ചതിനെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കേണ്ടെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ വ്യക്തമാക്കി. മഠത്തിന് രാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളില്ലെന്നും സ്വാമി പറഞ്ഞു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മര്യാദ കാണിക്കുന്നില്ലെന്നും കേരളത്തില്‍ നടപ്പാക്കുന്ന എല്ലാ കാര്യങ്ങളും കേരളത്തിലെ ടൂറിസം മന്ത്രിയെ അറിയിക്കാറുണ്ടെന്നും കണ്ണന്താനം ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.