തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കോടിയേരി സിംഹത്തെ കാണാത്തത് കൊണ്ടാണ് ഇത്തരത്തില്‍ പറഞ്ഞതെന്ന് കണ്ണന്താനം വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ഷായെ പ്രധാനമന്ത്രി വിളിച്ചത് കൊണ്ടാണ് ഡല്‍ഹിയിലേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനരക്ഷാ യാത്ര കഴിയുന്നതോടെ കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്നും കണ്ണന്താനം പറഞ്ഞു. ബി.ജെ.പി ജനരക്ഷ യാത്രയില്‍ നിന്ന് ഇന്ന് അമിത് ഷാ പിന്‍മാറിയതിനെ പരിഹസിച്ചായിരുന്നു നേരത്തേ കോടിയേരിയുടെ പരാമര്‍ശം. പിണറായി പ്രദേശത്തു കൂടി പോകാന്‍ ധൈര്യമില്ലാഞ്ഞിട്ടാണ് അമിത് ഷാ ഇന്ന് ജനപക്ഷ യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

“അമിത് ഷാ സിംഹമാണെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നത്തെ സംഭവത്തോടെ അദ്ദേഹം പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് തെളിഞ്ഞിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രയുടെ മൂന്നാം ദിവസമായ ഇന്നലെ അമിത് ഷാ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം പിന്നീട് പിന്‍മാറി. ഡല്‍ഹിയിലെ തിരക്കു മൂലമാണെന്നാണ് കുമ്മനം നല്‍കിയ വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.