കൊച്ചി: ആദ്യ ദിവസം പ്രചാരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയ എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം പ്രതികരണവുമായി രംഗത്ത്. വിമാനത്താവളം വേറെ മണ്ഡലത്തിലായിപ്പോയത് തന്റെ തെറ്റാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. കൊച്ചി വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡത്തിലാണെന്ന കാര്യം ഇവിടത്തെ സ്ഥാനാർഥികള്‍ക്ക് അറിയില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. കൂടാതെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Read: ‘ശരിക്കും തലസ്ഥാനം’ എറണാകുളം ആണ്, നല്ല ബുദ്ധിയുളളവരാണ് അവര്‍: തിരുവനന്തപുരത്തെ തളളി കണ്ണന്താനം

ഇന്നലെ എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തിൽ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറിയായിരുന്നു കണ്ണന്താനം പുറത്തെത്തിയത്. സ്ഥാനാർഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.

പക്ഷെ ബസിറങ്ങിയപ്പോൾ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥിയായ കണ്ണന്താനം ആലുവ പറവൂർ കവലയിൽ വന്നിറങ്ങി ചാലക്കുടി മണ്ഡളത്തിലെ വോട്ടർമാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവർത്തകർ അറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തിൽ കയറി.

പ്രചാരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അൽഫോൺസ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അൽഫോൺസ് കണ്ണന്താനം ആദ്യ ദിനം പ്രചാരണം അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.