തിരുവനന്തപുരം: കെ എസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ നിയോഗിച്ചു. മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനുമാണു പുതിയ വൈസ് പ്രസിഡന്റുമാര്‍.
ഭാരവാഹികളായി ഇവരെ നിയോഗിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അടിയന്തര പ്രാബല്യത്തോടെയാണു മൂന്നു പേരെയും നിയോഗിച്ചിരിക്കുന്നത്.
എറണാകുളം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അലോഷ്യസ് സേവര്‍. തേവര എസ് എച്ച് കോളജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനാണ്.
ഇരുപത്തിയൊന്‍പതുകാരനായ അലോഷ്യസ് സേവറിനെ പ്രായപരിധിയില്‍ ഇളവുവരുത്തിയാണു പ്രസിഡന്റായി നിയോഗിച്ചത്. പ്രായപരിധി അട്ടിമറിക്കുന്നതിനിടെ സംഘടനയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും അലോഷ്യസ് എന്ന തീരുമാനവുമായി നേതൃത്വം മുന്നോട്ടുപോകുകയായിരുന്നു. 27 വയസാണ് കെ എസ് യുവിലെ പ്രായ പരിധി.
അലോഷ്യസിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിനെതിരെ കെ എസ് യുവിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. തങ്ങളില്‍ പെട്ടയാളാണെങ്കിലും അലോഷ്യസിനെതിരെ എ ഗ്രൂപ്പ് തന്നെ രംഗത്തുവന്നിരുന്നു. വി ഡി സതീശനുമായുള്ള അലോഷ്യസിന്റെ അടുപ്പമാണ് എതിര്‍പ്പിനു പിന്നിലെ കാരണമായത്.
അലോഷ്യസിനു പകരം വയനാട് സ്വദേശിയായ വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമല്‍ജോയിയുടെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമാണ് അലോഷ്യസിനു തുണയായത്.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണു സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്. ഷമ്മാസിനുവേണ്ടി കെ സുധാകരനാണു സജീവമായി നീക്കം നടത്തിയതെന്നാണു വിവരം.
സംസ്ഥാന പ്രസിഡന്റായിരുന്ന കെ എം അഭിജിത്ത് സ്ഥാനം രാജിവച്ചതോടെയാണ് കെ എസ് യുവില്‍ പുനഃസംഘടന നടന്നിരിക്കുന്നത്. 2017ല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തിയ അഭിജിത്ത് നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ കാലാവധി രണ്ടു വര്‍ഷമായിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കെ എസ് യുവില്‍ പുനസംഘടന നടക്കാത്ത സാഹചര്യത്തിലാണ് അഭിജിത്ത് രാജിവച്ചത്. അഭിജിത്തിനെ എന്‍ എസ് യു ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചു.