തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കാൽ ലക്ഷത്തോളം വരുന്ന എൻജിനീയറിങ് സീറ്റുകളിൽ പ്രവേശനം നടത്താൻ സാധിച്ചില്ല. ആകെയുള്ള 55245 സീറ്റുകളിൽ 24810 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ അനുവദിച്ച സീറ്റുകളിൽ 25 ശതമാനത്തിന് താഴെ മാത്രം പ്രവേശനം നടന്ന കോളേജുകളുടെ പ്രത്യേക യോഗം കെടിയു വൈസ് ചാൻസലർ ഡോ.കുഞ്ചറിയ പി.ഐസക് വിളിച്ചു ചേർക്കും.

മുൻവർഷത്തേക്കാൾ കൂടുതൽ ഒഴിവുകൾ ഈ വർഷം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് കോളേജ് അടിസ്ഥാനത്തിൽ ആകെ സീറ്റും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും കെടിയു നേടിയിട്ടുണ്ട്. 30435 വിദ്യാർത്ഥികളാണ് ഈ വർഷം എൻജിനീയറിങ്ങിന് പ്രവേശനം നേടിയത്. പ്രവേശനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കുറവ് വിദ്യാർത്ഥികൾ മാത്രമുള്ള കോളേജുകൾ ലയിപ്പിച്ചേക്കും. അല്ലാത്തവ അടച്ചുപൂട്ടാനുമാണ് സാധ്യത.

നഷ്ടം സഹിച്ച് കോളേജ് നടത്താൻ മാനേജ്മെന്റുകൾ തയാറായാലും അനുമതി നൽകേണ്ടെന്ന തീരുമാനത്തിലാണ് കെടിയു. യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാനാവില്ലെന്നും പഠന നിലവാരം താഴോട്ട് പോകുമെന്നതിനാലുമാണിത്. നാളെ കെടിയു ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ 30 കോളേജുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ