ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ആര്‍ഭാടപൂര്‍വ്വം തന്നെ ആഘോഷിക്കാന്‍ തീരുമാനമായി. പ്രളയത്തെ തുടര്‍ന്ന് മാറ്റി വച്ചതായിരുന്നു മത്സരം. നവംബര്‍ 10നാണ് വള്ളംകളി നടക്കുന്നത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിനെയായിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന് ആയിരിക്കും അതിഥിയായെത്തുക.
അല്ലുവിനൊപ്പം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുമുണ്ടാകും. പുതിയ തീയതിയില്‍ സച്ചിന് അസൗകര്യം ഉള്ളത് മൂലമാണ് അല്ലു അര്ജ്ജുന് മുഖ്യാതിഥിയായി എത്തുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തില്‍ ഉറപ്പായും എത്തുമെന്നും സച്ചിന് സംഘാടകരെ അറിയിച്ചിട്ടുണ്ട്.
മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 10ന് നടക്കുന്ന ജലോത്സവത്തിന് വിശിഷ്ടാതിഥികളായി എത്തും. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ പ്രചരണം കൊഴുപ്പിക്കുവാന്‍ പദ്ധതിയുണ്ട്.
സര്‍ക്കാരില്‍ നിന്നും പുതുതായി സാമ്പത്തികസഹായം സ്വീകരിക്കാതെ തദ്ദേശിയമായി സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇത്തവണ വള്ളംകളി. നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ലീഗ് വള്ളംകളികള്‍ക്ക് സാധ്യതയില്ലെന്ന് അധിതകൃതര്‍ വ്യക്തമാക്കി.