തിരുവനന്തപുരം: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ നടപടിയെ രൂക്ഷമായി വിമർശിച്ച് ഘടകക്ഷികൾ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തുടങ്ങിവച്ച് വിമർശനം മറ്റ് ഘടകക്ഷികളും ഏറ്റെടുത്തതോടെ യോഗത്തിൽ സിപിഐ ഒറ്റപ്പെട്ടു.

മുന്നണി മര്യാദകളുടെ ലംഘനമാണ് സിപിഐ നടത്തിയതെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത തരം നിലപാടാണ് സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ വിമർശനം അതേപടി മറ്റ് ഘടകക്ഷികളും ഉന്നയിക്കുകയായിരുന്നു.

സർക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയെ എങ്ങിനെയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുപ്പിക്കുക എന്ന ചോദ്യം സിപിഐ ആവർത്തിച്ചു. ഇത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും സിപിഐ നേതാക്കൾ യോഗത്തിൽ പറഞ്ഞു. എന്നാൽ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലെ തീരുമാനം സിപിഐ നേതാക്കളെ നേരത്തേ അറിയിച്ചതാണെന്ന് കോടിയേരി ബാലകൃഷ്ണൻ വീണ്ടും ആവർത്തിച്ചതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ