• ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം – ഇരുപതിനായിരം വോട്ടിന്റെ വൻ ജയം, ആ മണ്ഡലത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇത്തരത്തിലൊരു വൻ വിജയം പ്രതീക്ഷിച്ചിരുന്നോ?

ചെങ്ങന്നൂരിലെ കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമായിരുന്നുവെന്നത് വ്യക്തമായിരുന്നു. രാഷ്ട്രീയമായും സംഘടനാപരമായും ഇടതുപക്ഷത്തിന്റെ വിജയമാണ്. ഒരു സ്ഥാനാർത്ഥിക്കും ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനായിട്ടില്ലെന്നതു കൊണ്ട് തന്നെ ഇതൊരു ചരിത്ര വിജയവും കൂടിയാണ്.

 • ഇത് സ്ഥാനാർത്ഥിായ സജി ചെറിയാന്റെ വിജയമാണോ അതോ സര്‍ക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലാണോ?

എൽ ഡി എഫിന്റെ മതേതര നിലപാടുകൾക്കും സർക്കാരിന്റെ നയങ്ങൾക്കും അനുകൂലമായ വിധിയെഴുത്തായിരുന്നു ചെങ്ങന്നൂരിലേത്. സ്ഥാനാർത്ഥി പ്രധാന ഘടകമാണ്. പക്ഷേ രാഷ്ട്രീയം, അതാണ് അതിലും പ്രധാനം. ഞങ്ങളുടെ പാർട്ടിക്കാരനായിരുന്ന (നിര്യാതനായ) മുൻ എം എൽ എ കെ കെ രാമചന്ദ്രൻ നായരുടെ പ്രവർത്തനങ്ങൾക്കുളള അംഗീകാരം കൂടെയാണിത്. അദ്ദേഹം മണ്ഡത്തിൽ നന്നായി പ്രവർത്തിച്ചിരുന്നു. അടുത്ത മൂന്ന് വർഷം എൽ​ ഡി എഫ് ആയിരിക്കും അധികാരത്തിലെന്ന് ജനങ്ങൾക്ക് അറിയാം. രാമചന്ദ്രൻ നായർ തുടങ്ങി വച്ച കാര്യങ്ങൾ സജി ചെറിയാൻ പൂർത്തിയാക്കുമെന്ന ആത്മവിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു.

 • ചെങ്ങന്നൂരിലെ വിധിയെഴുത്ത് 2019ലേക്കുള്ള സൂചനയായി പാർട്ടി കരുതുന്നുണ്ടോ?

എല്ലാ തെരഞ്ഞെടുപ്പുകളേയും ഒരു വലിയ അളവ് വരെ നിര്‍ണ്ണയിക്കുന്നത് ആ സമയത്തെ രാഷ്ട്രീയ സംഭവവികാസങ്ങളാണ്. എൽ ഡി എഫ് അധികാരത്തിൽ​ വന്ന ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടിയുടെ വോട്ട് വിഹിതം വർധിക്കുകയാണ് ചെയ്തത്. ആ ട്രെൻഡിന്റെ തുടർച്ചയാണ് ചെങ്ങന്നൂരിൽ കണ്ടത്. വരുന്ന മാസങ്ങളിൽ ഈ ട്രെൻഡ് കൂടുതൽ​ ശക്തിപ്പെടും. കേരളത്തിൽ​ എൽ​ ഡി എഫിന് അനുകൂലമായ മാറ്റമാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമാണ്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലെ ഗ്രൂപ്പിസം മൂർച്ഛിച്ചു. യു ഡി എഫിനുളളിലും പ്രശ്നങ്ങളുണ്ട്. വലിയൊരു പരാജയത്തെയാണ് അവർ നേരിടുന്നത്. കോൺഗ്രസിന് ആത്മവിശ്വാസം നഷ്ടമായി. സംസ്ഥാനത്തെ കോൺഗ്രസിലെ ഗ്രൂപ്പിസത്തിന് കാരണം ആശയപരമോ രാഷ്ട്രീയപരമോ ആയ ഭിന്നതകളല്ല. മറിച്ച് പാർട്ടിക്കുള്ളിലെ അധികാരത്തിന്റെയും അതിജീവനത്തിന്റെയും പേരിലുളള കാര്യങ്ങളാണ്. ആശയപരമായ സംവാദങ്ങളൊന്നും തന്നെ നടക്കുന്നില്ല കോൺഗ്രസിനുളളിൽ. ജനാധിപത്യപരമായ ചർച്ചകളുമില്ല. കോൺഗ്രസിനുളളിലെ പ്രശ്നങ്ങൾ 2019ൽ എൽ​ ഡി എഫിന് ഗുണകരമായി മാറുകയും ചെയ്യും.

 • ചെങ്ങന്നൂരിൽ ബി ജെ പി ക്ക് ഏഴായിരം വോട്ട് നഷ്ടമായെങ്കിലും 35,000 വോട്ട് ലഭിച്ചിട്ടുണ്ട്. അതും ബി ഡി ജെ എസ് പിന്തുണ ഇല്ലാതെ തന്നെ. ബി ജെ പിയെ ശക്തിയുളള എതിരാളിയായി കാണുന്നുണ്ടോ സി പി എം?

ദീർഘകാലമായി ആർ എസ് എസിന് അടിത്തറയുള്ള ഒരിടമാണ് ചെങ്ങന്നൂര്‍. 1991ലും 1996 ലും ബി ജെ പിക്ക് 16,000 വോട്ട് ലഭിച്ചിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ അവരുടെ വോട്ട് കോൺഗ്രസിന് പോയി. പിന്നീട് 2016ലാണ് ബി ഡി ജെ എസ്സിന്റെ സഹായത്തോടെ ബി ജെപി അവരുടെ വോട്ടുകൾ സമാഹരിക്കുന്നത്. അവരുടെ ശക്തി മുഴുവനെടുത്ത് ആ സീറ്റ് ജയിക്കാനായി അവര്‍ ശ്രമം നടത്തി. ബി ജെ പിയ്ക്ക് അങ്ങനെയൊരു അടിത്തറ ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ ബി ജെ പിക്ക് സ്വാധീനമുളള മണ്ഡലമാണ്, അവിടെ അവർ നേട്ടമുണ്ടാക്കുമെന്ന് കരുതിയിരുന്നു. പക്ഷേ നേട്ടം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല​ അവര്‍ തിരിച്ചടി നേരിടുകയും ചെയ്തു.kodiyeri balakrishnan

 • പക്ഷേ, ബി ജെപിയുടെ ‘കോര്‍ വോട്ടുകള്‍’ അവർക്ക് തന്നെയാണല്ലോ കിട്ടിയിരിക്കുന്നത്?

അത് ശരിയാണ്, പക്ഷേ അവർക്ക് അതിൽ നിന്നും മുന്നോട്ട് പോകാന്‍​ സാധിച്ചിട്ടില്ല. ഒരു സുപ്രഭാതത്തില്‍ ചെങ്ങന്നൂര്‍ വന്നിറങ്ങിയവരല്ല അവര്‍. ഒരു ‘സ്ലീപ്പിങ് ഗ്രൂപ്പായി’ അവര്‍ എന്നും അവിടെയുണ്ടായിരുന്നു. മുൻകാലങ്ങളിൽ ആർ എസ് എസ്സുകാർ ഞങ്ങളെ എതിർക്കാൻ കോൺഗ്രിന് വോട്ട് ചെയ്യുമായിരുന്നു. സി പി എമ്മിനെ തോൽപ്പിക്കാനാണ് അവർ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നത്. പക്ഷേ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി അത് സംഭവിച്ചില്ല. അവരുടെ വോട്ട് വിഹിതം കുറഞ്ഞു. അവരുടെ മുൻതൂക്കം തടയാൻ ഞങ്ങൾക്ക് സാധിച്ചു. അഞ്ച് വർഷം കോൺഗ്രസ് ഭരിച്ച കർണാടകത്തിൽ ബി ജെ പിയ്ക്ക് അവരുടെ സീറ്റ് ഇരട്ടിയാക്കാന്‍ കഴിഞ്ഞു. അഞ്ച് വർഷം ഭരണത്തിലിരിന്നിട്ടും കോൺഗ്രസിന് ബി ജെ പിയുടെ വളർച്ച തടയാനായില്ല. പക്ഷേ, രണ്ട് വർഷം കൊണ്ട് ബി ജെപിയുടെ വളർച്ച തടയാൻ ഞങ്ങൾക്കായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലും ചെങ്ങന്നൂരിലും ബി ജെപിയുടെ വോട്ട് കുറഞ്ഞു. അത് അർത്ഥമാക്കുന്നത് കേരളത്തിൽ​ ബി ജെ പിയുടെ വളർച്ച തടയാൻ കോൺഗ്രസിനാകില്ല, സി പി എമ്മിന് മാത്രമേ സാധിക്കുകയുളളൂവെന്നാണ്. കേരളത്തിലെ മതേതര വോട്ടർമാരും മത ന്യൂനപക്ഷങ്ങൾക്കും ഇക്കാര്യം അറിയാം. ഇത് ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

 • കേരളത്തിൽ ഒരു ത്രികോണ മത്സരം സൃഷ്ടിച്ച്, സി പി എം വിരുദ്ധ വോട്ടുകൾ ഭിന്നിക്കുക വഴി നേട്ടം കൊയ്യുകയെന്നതാണ് സി പി എമ്മിന്റെ തന്ത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയ ഏഴ് സീറ്റുകളിൽ വിജയിച്ചത് എൽ​ ഡി​എഫാണ്. അതാണോ തിരഞ്ഞെടുപ്പ് തന്ത്രം?

എല്ലാക്കാലത്തും ബി ജെപിയിലേയ്ക്ക് വോട്ട് ഒഴുകുന്നത് കോൺഗ്രസിൽ നിന്നാണ്. അത് നമുക്ക് ദേശീയ തലത്തിൽ തന്നെ കാണാവുന്നതാണ്. ബി ജെ പിയുടെ 112 എം പിമാർ മുൻ കോൺഗ്രസുകാരാണ്. അതായത് കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേയ്ക്ക് ഒന്നിച്ച് പോകുന്നു എന്നാണ്. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ബി ജെപിയിലേയ്ക്ക് പോയിട്ടില്ലെങ്കിലും കോൺഗ്രസ് അണികളിലൊരു നല്ല വിഭാഗം ബി ജെ പിക്കൊപ്പം പോയി. ബി ജെപിക്ക് എല്ലാക്കാലത്തും എട്ട് മുതൽ പത്ത് ശതമാനം വരെ വോട്ട് കേരളത്തിൽ​ കിട്ടുമായിരുന്നു. 2016ൽ ബി ഡി ജെ എസ്സിന്റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ബി ജെ പിയുടെ വോട്ട് വിഹിതം 15 ശതമാനമായി ഉയർന്നു.

1991 ൽ ഒരു വർഷം മുമ്പ് ലോകസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ ഞങ്ങൾ തീരുമാനിച്ചു. (അന്ന് നായനാർ സർക്കാരായിരുന്നു അധികാരത്തിൽ). ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്ന് വടകര ലോകസഭ​ സീറ്റിലും ബേപ്പൂർ നിയമസഭാ സീറ്റിലും കോൺഗ്രസും ബി ജെപിയും തമ്മിൽ ​പരസ്യ ധാരണ ഉണ്ടാക്കി. ആ രണ്ടിടത്തും അവര്‍ തോറ്റുവെങ്കിലും മറ്റ് പല മണ്ഡലങ്ങളിലും രഹസ്യ ധാരണയും ഉണ്ടാക്കിയിരുന്നു അവർ. ആളുകള്‍ക്ക് അതറിയില്ലായിരുന്നു എന്നത് കൊണ്ട് ഞങ്ങള്‍ പരാജയം നേരിട്ടു. രാജീവ് ഗാന്ധി വധത്തോടെ തുറന്നു വന്ന ഒരു സാധ്യത കോൺഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ബി ജെ പിയുമായുള്ള ധാരണ അവര്‍ ലംഘിക്കുകയും ചെയ്തു. അല്ലെങ്കിൽ അന്ന് തന്നെ കോണ്‍ഗ്രസ്‌ സഹായത്തോടെ തിരുവനന്തപുരം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നും ബി ജെ പിക്ക് രണ്ട് എം എൽ എ മാരെ കിട്ടുമായിരുന്നു. നിരവധി തവണ ബി ജെപിയും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയിരുന്നു. ഇപ്പോൾ ബി ജെപി കേന്ദ്രത്തിൽ​ അധികാരത്തിലുണ്ടെന്നതിനാൽ സ്ഥിതി വ്യത്യസ്തമാണ്. അവർ അവരുടെ ശക്തി തെളിയിക്കാൻ ശ്രമിക്കുന്നു. ഒരു കാലത്ത് കോൺഗ്രസ് മാത്രമായിരുന്നു സി പി എമ്മിന്റെ എതിരാളികൾ. പിന്നീട് മുസ്‌ലിം ലീഗും കേരളാ കോൺഗ്രസും യു ഡി എഫിലേയ്ക്ക് വന്നു. ഇന്ന് യു ഡി എഫിനൊപ്പം ബി ജെപിയെയും നേരിടേണ്ടി വരുന്നു. രണ്ട് ശക്തികളെയും ഒരേ സമയം നേരിടുകയെന്നതാണ് എൽ​ ഡി എഫിന് മുന്നിലുളള​ വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു.

 • ഭാവിയിൽ യു ഡി എഫിനെ മറികടന്ന് ബി ജെ പി നിങ്ങളുടെ പ്രധാന എതിരാളിയായി മാറുമോ?

ഞാൻ അങ്ങനെ കരുതുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. ഇവിടെ മതേതരമായ ഒരു അടിത്തറയുണ്ട്. നിര്‍ഭാഗ്യവശാൽ മറ്റ് സംസ്ഥാനങ്ങളിൽ നിലവിൽ മതേതര അടിസ്ഥാനം ഇല്ല. കേരളത്തിൽ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി എന്നിവരുടെ നേതൃത്വത്തിൽ നടന്നിട്ടുളള സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിന് തുടർച്ചയുണ്ടായില്ല.

കേരളത്തിൽ​ ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ ഇതിന് തുടർച്ചയുണ്ടായി. അതിനാൽ ഇവിടെ മതേതരമായ ഒരു അടിത്തറ ഉണ്ട്. ആർ എസ് എസ്സിന് ആ അടിത്തറ തകർക്കാൻ സാധിച്ചിട്ടില്ല. മഹാത്മാഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിൽ പോലും ആർ എസ് എസ് മതപരമായ വിവേചനങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ ഒരു കടുത്ത വിവേചനത്തിന് കേരളം സാക്ഷിയായിട്ടില്ലാത്തതിനാല്‍ ഇവിടെ അവര്‍ക്ക് (ആർ എസ് എസ്സിന്) സർക്കാരുണ്ടാക്കാൻ സാധിച്ചിട്ടില്ല. അവരത് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവിടെ വിജയിക്കുന്നില്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റുകൾ വളരെ ജാഗരൂകമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ 217 സി പി എമ്മുകാരാണ് ആർ എസ് എസുകാരാൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. തികഞ്ഞ കരുതലോടെയുളള സി പി എമ്മിന്റെ പ്രവർത്തനമാണ് ആർ എസ് എസിന് ഇവിടെ സ്വാധീനം സൃഷ്ടിക്കാൻ തടസമാകുന്നത്. 35,000 ബ്രാഞ്ചുകളിലൂടെ എല്ലായിടത്തും സാന്നിദ്ധ്യമാണ് സി പി എം. അതിലൂടെ വളരെ അടുത്ത ബന്ധമാണ് ജനങ്ങളോട്. എതിരാളികളുടെ കുടുംബങ്ങളുമായി പോലും ബന്ധമുണ്ട്.

 • എൽ ഡി എഫ് അധികാരത്തിലേറിയ ശേഷം കേരളത്തിൽ​11 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ആർ എസ് എസ്, സി പി എം , കോൺഗ്രസ് എന്നീ പാർട്ടികളിൽ​പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. താങ്കളുടെ പാർട്ടിക്ക് അണികളെ നിയന്ത്രിക്കാൻ കഴിയാതെ പോകുന്നുണ്ടോ?

കൊലപാതക രാഷ്ട്രീയത്തിന് ഞങ്ങൾ എതിരാണ്. കൊലപാതക രാഷ്ട്രീയം പൂർണമായും അവസാനിപ്പിക്കണ്ടേതാണ്. അതിനായി മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് തിരി കൊളുത്തിയതിന്റെ ഉത്തരവാദിത്വം സി പി എമ്മിനല്ല. ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ കൊലപ്പെടുത്തന്നതിന്റെ ചരിത്രമാണുളളത്. കോൺഗ്രസിന്റെ ചരിത്രമെഴുതിയ, പിന്നീട് കമ്മ്യൂണിസ്റ്റുകാരനായ മൊയ്യാരത്ത് ശങ്കരനെ കോൺഗ്രസുകാർ കൊലപ്പെടുത്തി. കമ്മ്യൂണിസ്റ്റുകാരെ കൊന്നതിന്റെ വേറെയും സംഭവങ്ങള്‍ ഉണ്ട്. അതിനൊന്നും തിരിച്ചടി ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാർ പോയപ്പോൾ കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ ആക്രമിക്കാൻ തുടങ്ങി.

സേലം ജയിലില്‍ ഞങ്ങളുടെ 32 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിട്ടും പാര്‍ട്ടി മരിച്ചില്ല. അത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍, പ്രത്യേകിച്ച് ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും പ്രതിരോധിക്കേണ്ടി വരും. അത്തരം പ്രതിരോധങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചില ഇടങ്ങളില്‍ പി എസ് പി ഞങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടിട്ടുണ്ട്. മുസ്ലിം ലീഗും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ പാര്‍ട്ടികളുടേയും ‘ടാര്‍ഗെറ്റ്’ ആവാറുണ്ട് ഞങ്ങളുടെ പ്രവര്‍ത്തകര്‍.kodiyeri balakrishnan,interview

കേരളത്തിലെ സി പി എം രക്തസാക്ഷികളുടെ എണ്ണം ഏതാണ്ട് 600 ഓളം വരും. ഇതിൽ 217 പേരെ ബി ജെ പിക്കാർ കൊലപ്പെടുത്തിയതാണ്. ചില സംഭവങ്ങളിൽ​ സിപിഎമ്മിന്റെ ഭാഗത്തും കുറ്റക്കാരുണ്ടായിട്ടുണ്ട്. അത് ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ഞങ്ങൾ അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ഇടതുപക്ഷത്തിന്റെ കൺവീനറായിരുന്ന അഴീക്കോടൻ രാഘവൻ 1972ൽ കൊല്ലപ്പെട്ടു. അതിനെ എങ്ങനെ ന്യായീകരിക്കും?

എം എൽ എയായിരുന്ന കുഞ്ഞാലിയെ വെടി വച്ച് കൊന്നു. അപ്പോഴൊന്നും ആരും ഈ കൊലപാതകങ്ങളെ കുറിച്ച് മിണ്ടിയില്ല. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസുകാർ കൊളങ്ങരോത്ത് രാഘവനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തി. ബോംബ് ആദ്യം ഉപയോഗിച്ചത് കോൺഗ്രസാണ്, പിന്നീടത് ആർ എസ് എസ് ഏറ്റെടുക്കുകയായിരുന്നു.

അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട ആവശ്യം സി പി എമ്മിന്റെ പ്രവർത്തകർക്കുണ്ടായി. ഞങ്ങൾക്ക് അത്തരം സംഭവങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന നിലപാടാണുളളത്. പക്ഷേ ഒരു പാർട്ടിക്ക് മാത്രമായി ഇത് പരിഹരിക്കാൻ സാധ്യമല്ല. അതിന് അഭിപ്രായ സമന്വയം ഉണ്ടാകേണ്ടതുണ്ട്. സി പി എം അതിന് മുൻകൈ എടുക്കാൻ​ തയ്യാറാണ്. ഞങ്ങൾ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അവിടെ ആക്രമണങ്ങൾക്ക് പ്രസക്തിയില്ല. അക്രമരാഷ്ട്രീയത്തിൽ ഏറ്റവും കൂടതലായി ഇരകളാക്കപ്പെട്ടവർ ഞങ്ങളാണ്. ഇപ്പോൾ ഞങ്ങൾക്ക് ഭരണമുണ്ട്. ആയുധങ്ങൾ കൊണ്ട് ഒരു രാഷ്ട്രീയവും ശക്തിപ്പെടില്ല. ആയുധങ്ങൾ കൊണ്ട് ഒരു പാർട്ടിയെയും ഇല്ലാതാക്കാനാവില്ല.

 • സമാനമായ അവകാശവാദമാണ് ആർ എസ് എസ്സും മുന്നോട്ട് വെയ്ക്കുന്നത്. സി പി എമ്മുകാരാൽ അവരുടെ പ്രവർത്തകർ കൊല്ലപ്പെടുന്നുവെന്നും കണ്ണൂരിലെ ചില സി പി എം ശക്തി കേന്ദ്രങ്ങളിൽ അവര്‍ക്ക് പ്രവേശനം പോലും നിഷേധിക്കപ്പെടുന്നു എന്നും പറയുന്നു. അവരും നിങ്ങളും ഒരേ കഥകളാണ് പറയുന്നത്?

അതേ, അതു കൊണ്ടാണ് പ്രശ്നങ്ങളെ വിലയിരുത്താനായുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്തത്. ആർ എസ് എസ്സിന്റെ പ്രവർത്തനസ്വാതന്ത്യം സംരക്ഷിച്ചു കൊണ്ടുള്ള ഒരു അന്തരീക്ഷം നിലനിര്‍ത്താന്‍ തയ്യാറാണ് എന്ന് സി പി എം പറഞ്ഞിട്ടുണ്ട്. എന്തു കൊണ്ട് അവർ സഹകരിക്കുന്നില്ല? ഞങ്ങളുടെ പ്രവര്‍ത്തകരെ എന്ത് കൊണ്ട് അവര്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല? പരസ്യമായി മറിച്ചു പറയുമ്പോഴും ആർ എസ് എസ് സമാധാനം കാംഷിക്കുന്നില്ല. അക്രമങ്ങളിലൂടെയാണ് അവർ വളരുന്നത്. ഇന്ത്യയിലെമ്പാടും വർഗീയകലാപങ്ങളിലൂടെയാണ് അവർ വളര്‍ന്നത്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ അവര്‍ ചെയ്തത് പോലെ വർഗീയ കലാപങ്ങള്‍ക്ക് തിരി കൊളുത്താന്‍ ഇവിടെ സാധിക്കില്ല. അതു കൊണ്ടാണ് അവർ മാർക്സിസ്റ്റ് പാർട്ടിയെ തകര്‍ക്കാൻ ശ്രമിക്കുന്നത്.

ഞങ്ങള്‍ക്കത് ചെയ്യേണ്ട കാര്യമില്ല. ജീവിച്ചിരുന്നാൽ​ മാത്രമേ ഒരു ബി ജെ പിക്കാരന് നാളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ കഴിയുകയുളളൂ. നാളെ അയാൾ തന്നെ ഇല്ലെങ്കിൽ പിന്നെങ്ങനെ പാര്‍ട്ടി മാറാൻ കഴിയും? നിരവധി ബി ജെ പി പ്രവർത്തകർ ഞങ്ങളോടൊപ്പം വരുന്നു. ഒ. കെ വാസു, ഉണ്ണികൃഷ്ണൻ, അശോകൻ എന്നിവർ ഞങ്ങളോടൊപ്പം ചേർന്നു. ഞങ്ങളാരെയും ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. മറ്റ് പാർട്ടിയിലുളളവർ ജീവിച്ചിരുന്നാലല്ലേ അവർക്ക് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ​ ചേരാൻ കഴിയുകയുള്ളൂ. അതു കൊണ്ട് തന്നെ ഞങ്ങളാരുടെയും ജീവനെടുക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, സംഭാഷണങ്ങളിലൂടെ മാത്രം ഈ​ പ്രശ്നം പരിഹരിക്കപ്പെടില്ല. താഴെ തട്ട് മുതൽ അതിനായുളള പ്രവർത്തനങ്ങൾ നടത്തണം. അതിനായാണ് ഞങ്ങൾ ചർച്ചകൾ നടത്തുന്നത്. ഇപ്പോഴും ഒരു അക്രമ സംഭവം ഉണ്ടായാൽ ബി ജെ പി നേതാക്കൾ ഞങ്ങളുമായി ബന്ധപ്പെടാറുണ്ട്. പ്രാദേശിക തലത്തിൽ കമ്മ്യൂണിക്കേഷൻ ഉണ്ട്. ഞങ്ങൾ ഞങ്ങളുടെ ഭാഗത്ത് നിന്നും ഇടപെടുകയും അക്രമം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.

 • അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പാർട്ടി ബി ജെ പി-ആർ എസ് എസ് നേതാക്കളുമായി ചർച്ചകൾ നടത്തുമോ?

അത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ചർച്ചകൾക്ക് ഞങ്ങൾ റെഡിയാണ്. കണ്ണൂരിൽ അടുത്തിടെ അക്രമ സംഭവങ്ങളുണ്ടായപ്പോൾ ചർച്ചകൾ നടന്നിരുന്നു. അത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ മുൻകൈ എടുക്കണമെന്ന തീരുമാനം ഞങ്ങളെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകുന്നവരെ പാർട്ടി ഒരിക്കലും സംരക്ഷിക്കില്ല. ഇത്തരം സംഭവങ്ങളിൽ ഭാഗമാകുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുന്നുണ്ട്. ആ ഒരു നിലപാടിന് ശേഷം അതിന് ശേഷം അത്തരം സംഭവങ്ങൾ കുറഞ്ഞു. അതോടെ അവരെ ഞങ്ങൾക്ക് നിയന്ത്രിക്കാനാവുമെന്ന് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്.

 • രണ്ട് വർഷത്തെ ഭരണ കാലയളവില്‍ ഏറ്റവും വിവാദമായിട്ടുള്ള വിഷയം പൊലീസാണ്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിൻ ജോസഫിന്റെ കൊലപാതകം എന്നിവ ഉദാഹരണമാണ്. ‘Law and order’ ഒരു പ്രധാന വകുപ്പാണ്. കേരളത്തിന് ഒരു പൂർണ സമയ ആഭ്യന്തരമന്ത്രിയുടെ ആവശ്യമുണ്ട് എന്ന് തോന്നിയിട്ടില്ലേ? എല്ലാം സി എം തന്നെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?

ഒരു മന്ത്രി എത്ര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു എന്നതല്ല വിഷയം. മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ ഒന്നിൽ കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യാം. എന്നാൽ ദൈനംദിനകാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ല. പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ കേസുകളും മന്ത്രി അറിയേണ്ടതില്ല. അതിന് എസ് ഐ തുടങ്ങി സ്റ്റേഷനുകളിൽ​ ഉദ്യോഗസ്ഥരുണ്ട്. കേരളാ പോലീസ് ആക്റ്റ് ഉള്‍പ്പടെയുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്.kodiyeri balakrishnan

 

യു ഡി എഫിന്റെ ഭരണകാലത്തും ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. യു ഡി എഫുമായി നിങ്ങൾ താരതമ്യം ചെയ്താൽ ഇപ്പോൾ അത്തരം സംഭവങ്ങൾ കുറവാണെന്ന് കാണാം. യു ഡി എഫ് ഭരണകാലത്ത് നാല് കസ്റ്റഡി മരണങ്ങളാണ് സംഭവിച്ചത്. അതാരെങ്കിലും അറിഞ്ഞോ?
അന്ന് മാധ്യമങ്ങൾ ഇപ്പോള്‍ ചെയ്യുന്നത് പോലെ ആ വിഷയം ചർച്ച ചെയ്തോ? എങ്ങനെയാണ് സർക്കാർ പ്രതികരിച്ചത്? അന്ന് ഒരു ഉദ്യോഗസ്ഥൻ പോലും സസ്പെൻഡ് ചെയ്യപ്പെടുകയോ കൊലപാതകക്കുറ്റം ചുമത്തപ്പെടുകയോ ചെയ്തില്ല. എന്നാൽ ഇപ്പോൾ കൊലപാതകക്കുറ്റം ചുമത്തുകയും കുറ്റക്കാരെ ജയിലലടയ്ക്കുകയും ചെയ്യുന്നുണ്ട്. എസ് പി യെ വരെ സസ്പെൻഡ് ചെയ്തു. സർക്കാർ ഇരയുടെ കുടുംബത്തെ ധനപരമായി ഉൾപ്പടെ എല്ലാ തരത്തിലും സഹായിക്കുന്നുണ്ട്. ഇരകളെ സംരക്ഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുയും ചെയ്യുന്നുണ്ട് എല്‍ ഡി എഫ് സർക്കാർ. കുറ്റക്കാരെ സംരക്ഷിച്ച യു ഡി എഫ് സർക്കാരിനെ മാധ്യമങ്ങൾ പിന്തുണയ്ക്കുകയും ഇപ്പോൾ അതേ മാധ്യമങ്ങള്‍ ഞങ്ങൾക്കെതിരെ തിരിയുകയും ചെയ്യുന്നു.

 • ശ്രീജിത്തിനെ ആളുമാറി പിടി കൂടുകയും പൊലീസ് പീഢനങ്ങളെ തുടർന്ന് ശ്രീജിത്ത്‌ മരിക്കുകയുമാണ് ചെയ്തത്. അതൊരു വലിയ സംഭവമല്ലേ?

അതേ, പക്ഷേ യു ഡി എഫ് കാലത്ത് ഇത്തരം നാല് സംഭവങ്ങളാണുണ്ടായത്. മാധ്യമങ്ങൾ ഇതു പോലെ ആക്രമണോത്സുകമായി ആ കേസുകൾ കൈകാര്യം ചെയ്തില്ല. അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്നു ഞാൻ. ഞങ്ങളാണ് ആ കേസുകൾ ഏറ്റെടുത്തത്. അന്ന് മാധ്യമങ്ങൾ അതിനെ പൊതുജനമധ്യത്തിലെത്തിച്ചില്ല.

 • പൊലീസ് എന്തു കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്നാണ് അറിയാന്‍ ആഗ്രഹിക്കുന്നത്. എങ്ങനെയാണ് അവർക്ക് ഒരാളെ ആളുമാറി പിടിക്കാനും കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കാനും സാധിക്കുന്നത്?

ഒരാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത് ഇത് ആദ്യത്തെ തവണയാണോ?

 • അല്ല, പക്ഷേ അത്തരം സംഭവങ്ങൾ തുടരുന്നു എന്നതാണ്…

സര്‍ക്കാരിന്റെ പ്രതികരണം ഇപ്പോള്‍ വ്യക്തമാണല്ലോ അല്ലേ? കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ രക്ഷിക്കില്ല. അടിയന്തരാവസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊന്നു. അന്ന് യു ഡി എഫ് ഭരണ കാലത്ത് 23 പേരാണ് പീഡനങ്ങളിൽ കൊല്ലപ്പെട്ടത്. ഏതെങ്കിലും മീഡിയ അത് റിപ്പോര്‍ട്ട്‌ ചെയ്തോ? അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ഞങ്ങളൊക്കെ ജയിലിലായിരുന്നു. അതിനെക്കുറിച്ചൊന്നും വാര്‍ത്തകള്‍ വന്നില്ല. കാരണം അന്ന് സെൻസർഷിപ്പുണ്ടായിരുന്നു.

ഇന്ന് കാര്യങ്ങൾ മാറി. പിന്നീട് യു ഡി എഫ് കാലത്ത് തന്നെ ഉദയകുമാറിനെ ഉരുട്ടിക്കൊന്നു. പൊതുജനവികാരം ഉയർന്നിട്ടും ഒരു ഉദ്യോഗസ്ഥനെ പോലും സസ്പെൻഡ് ചെയ്തില്ല, ശിക്ഷിച്ചില്ല. ഈ സംഭവത്തിനോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിച്ചു എന്ന് ആരും ചര്‍ച്ച ചെയ്തില്ല. ഞാൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് (2011) കേരളാ പോലീസ് ആക്റ്റ് കൊണ്ട് വരുകയും അതിലൂടെ പ്രതികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നല്‍കുകയും ചെയ്തിരുന്നു. എന്നാൽ യു ഡി എഫ് അധികാരത്തിൽ​ വന്നപ്പോൾ ഇത് തുടർന്നില്ല. പൊലീസിനെ പല തലത്തിൽ ദുരുപയോഗം ചെയ്തു. ആ ദുരുപയോഗത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും പൊലീസിലുണ്ട്. പൊലിസിലെ ഒരു വിഭാഗം സർക്കാരിനെ ഈ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളെ ഞങ്ങൾ ജാഗ്രതയോടെയാണ് കാണുന്നത്.

 • ദേശീയതലത്തിൽ​ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം അധികാരത്തിലേറാൻ പുറത്തു നിന്നും പിന്തുണ കൊടുക്കുമോ?

2004ൽ ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്. അത്തരം സ്ഥിതി വന്നാൽ, ബി ജെ പിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ പ്രതിപക്ഷ സഖ്യത്തെ ഞങ്ങൾ നിശ്ചയമായും പിന്തുണയ്ക്കും. 2004ന് സമാനമായ നിലപാട് എടുക്കുന്നതിൽ തെറ്റില്ല. പാർട്ടി കോൺഗ്രസ് അംഗീകരിച്ചതുമാണത്. ഏതൊക്കെ സാഹചര്യത്തില്‍ കോൺഗ്രസുമായി ധാരണയുണ്ടാക്കാം എന്നതിനെക്കുറിച്ച് പാർട്ടി കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പി അധികാരത്തിൽ വരുന്നതിന് സി പി എം ഒരിക്കലും ഒത്താശ ചെയ്യില്ല. ഇടതുപക്ഷത്തിന്റെ എം പിമാർ വർധിച്ചാലേ ബി ജെ പിയെ തോൽപ്പിക്കാനാവൂ. 2004ൽ ഞങ്ങൾക്ക് 63 എം പിമാരുണ്ടായിരുന്നു. ഇത്തവണ വളരെ കുറച്ചേയുള്ളൂ. അതു കൊണ്ടാണ് ഇപ്പോഴത്തെ സർക്കാരിന് ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നത്. അത് മറി കടക്കാൻ കൂടുതൽ ഇടതുപക്ഷ​ എം പിമാർ വേണ്ടതുണ്ട്. 2004ൽ കേരളത്തിൽ ​നിന്നും 20ൽ പതിനെട്ട് എം പിമാർ ഇടതുപക്ഷത്തിനുണ്ടായിരുന്നു. കോൺഗ്രസിന് കേരളത്തിൽ നിന്നും ഒരു എം പി പോലും ഉണ്ടായില്ല. പക്ഷേ ബി ജെപി യെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ ഞങ്ങൾ യു പി എയ്ക്ക് പിന്തുണ കൊടുത്തു.

 • 2019ൽ കേരളത്തിൽ​ നിന്നും എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

കോൺഗ്രസിനെ കാത്തിരിക്കുന്നത് കനത്ത തോൽവിയായിരിക്കും. എൽ ഡി എഫ് കൂടുതൽ സീറ്റുകൾ ജയിക്കും. പക്ഷേ, ഇപ്പോൾ എത്ര സീറ്റ് എന്ന് പറയാൻ കഴിയില്ല. അതൊരു ശരിയായ രാഷ്ട്രീയ തന്ത്രമല്ല, സീറ്റുകളുടെ എണ്ണത്തെ കുറിച്ച് പറയാൻ തക്കവണ്ണം കാര്യങ്ങളെത്തിയിടട്ടുമില്ല.

ബംഗാളിൽ ഇടതുപക്ഷത്തിന് ശക്തിക്ഷയത്തിന്റെ കാലമാണ്. പലയിടത്തും തിരഞ്ഞെടുപ്പുകളിൽ ബി ജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അതിനാൽ അവിടെ നിന്നും അധികം സീറ്റുകൾക്കുളള​ സാധ്യതയില്ല. ത്രിപുരയിൽ​ ആകെ രണ്ട് സീറ്റുകളാണുളളത്. കമ്മ്യൂണിസം എന്നത് കേരളത്തിലേയ്ക്ക് മാത്രമായി ഒതുങ്ങുന്ന ഒരവസ്ഥയാണ്. അതു കൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കണം എന്നൊരു സമ്മര്‍ദ്ദം സംസ്ഥാന നേതൃത്വത്തിന് മേലുണ്ടോ?

ജനങ്ങൾ തീരുമാനിക്കട്ടെ, സ്വാഭാവികമായും ​കൂടുതൽ സീറ്റുകൾ ജയിക്കാൻ ശ്രമിക്കും. രാഷ്ട്രീയമായും സംഘടനാപരമായും 2004 ആവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കും. കേരളത്തിൽ നിന്നുളള സീറ്റുകൾ ലോകസഭയിൽ നിർണായകമാണ്. അത് ജനങ്ങള്‍ക്കും അറിയാം. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, പൊതു മേഖലാ തൊഴിലാളികള്‍ എന്നിവര്‍ക്കറിയാം, തങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ഇടതുപക്ഷ എം പിമാര്‍ക്കേ കഴിയൂ എന്ന്. കോണ്‍ഗ്രസിന് അത് ചെയ്യാന്‍ സാധിക്കില്ല. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സ്റ്റ്റാറ്റജിയില്‍ മാറ്റമുണ്ടാകും. പാർട്ടിയുടെ പ്രകടനം മെച്ചപ്പെടും.

 • രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി. അദ്ദേഹത്തിന്റെ നേതൃപാടവത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആധാരം കോൺഗ്രസ് പ്രസിഡന്റ് ആര് എന്നതല്ല. വ്യക്തി ഒരു ഘടകമേയല്ല. ബി ജെ പി വിരുദ്ധ വികാരം രാജ്യമൊട്ടാകെ അലയടിക്കുന്ന ഈ വേളയില്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത ചില മുന്നേറ്റങ്ങള്‍ രാഹുല്‍ നടത്തുന്നുണ്ട്. വ്യക്തി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങൾ അല്ല പരിശോധിക്കുന്നത്, പാർട്ടി എന്ന നിലയിലുള്ള അവരുടെ നയങ്ങളാണ്. സോണിയ ഗാന്ധിയ്ക്ക് പകരം രാഹുലിനെ നിയമിച്ചു എന്നത് കൊണ്ട് കോൺഗ്രസിന്റെ നയങ്ങൾ മാറുന്നില്ല. അവരുടെ നയങ്ങൾ മാറ്റണം. നവ ഉദാരവൽക്കരണനയങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും അവര്‍ പിന്മാറണം. വർഗീയതയ്ക്കെതിരെയുള്ള അവരുടെ പോരാട്ടത്തിന് ശക്തിയായി പോരാ. മൃദു ഹിന്ദുത്വവും മൃദു വർഗീയതയും സ്വാംശീകരിക്കുന്നവരാണ് അവർ.

 • സി പി എമ്മും സി പി ഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് കരുതുന്നത്?

സി പി എമ്മും സി പി ഐയും തമ്മിൽ നിലവിൽ ​പ്രശ്നങ്ങളൊന്നുമില്ല. സി പി ഐ​ ചില പരസ്യ പ്രസ്താവനകൾ നടത്തി. അതിൽ തെറ്റൊന്നുമില്ല. ചില സമയങ്ങളിൽ ഞങ്ങളും നടത്തിയിട്ടുണ്ട്. രണ്ട് പാർട്ടികളാകുമ്പോൾ രണ്ട് അഭിപ്രായവും ഉണ്ടാകും. അത് തമ്മിലടിയില്ല. അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്. രാജ്യസഭാ സീറ്റിൽ​ ഞങ്ങൾ ഒന്നിച്ചാണ് തീരുമാനം എടുത്തത്. രണ്ട് മിനിട്ടിനുളളിൽ തീരുമാനമെടുത്തു. യു ഡി എഫിൽ നടന്ന തമ്മിലടി പോലൊന്ന് ഇവിടെ കാണാന്‍ കഴിഞ്ഞോ? യാഥാർത്ഥ്യ ബോധത്തോടെയാണ് ഞങ്ങൾ​ നിലകൊളളുന്നത്. സി പി ഐയും സി പി എമ്മും ഐക്യത്തിലാണ്, അത് യു ഡി എഫിനെ പരിഭ്രാന്തിയിലാഴ്ത്തുന്നുമുണ്ട്.

 • തോമസ് ചാണ്ടി വിഷയത്തിൽ​ മന്ത്രിസഭാ യോഗത്തിൽ​നിന്നും സി പി ഐ ​മന്ത്രിമാർ വിട്ടു നിൽക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രാജിയിലേയ്ക്ക് നയിച്ചതെന്ന് ഇതാണ് പറയപ്പെടുന്നു?

അതൊരു ദിവസത്തെ വിഷയം മാത്രമായിരുന്നു. സി പി ഐ പോലും പറയില്ല അവരുടെ നിലപാടാണ് തോമസ് ചാണ്ടി രാജിവെയ്ക്കാൻ കാരണമെന്ന്. എൽ ഡി എഫ് നിലപാടാണ് രാജിക്ക് വഴിയൊരുക്കിയത്. അതിനെ ചിലർ ഇങ്ങനെ തെറ്റിദ്ധാരണജനകമായി രൂപപ്പെടുത്തിയതാണ്.

 • 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുളള​ ദീർഘകാല പദ്ധതി എന്താണ്? അത് എൽ ഡി എഫ് – യു ഡി എഫ് പോരാട്ടമായിരിക്കുമോ അതോ ബി ജെ പിക്ക് ഒരു പ്രധാന റോൾ​ ഉണ്ടാകുമോ?

2016ലെ ആവർത്തനമായിരിക്കും 2021ലെ തിരഞ്ഞെടുപ്പ്. ബി ജെ പിയുടെ മുന്നിലുളള വെല്ലുവിളി അവർക്ക് കിട്ടിയ 15 ശതമാനം വോട്ട് നിലനിർത്തുകയെന്നതായിരിക്കും.

 • 1980 മുതലുള്ള കേരള ചരിത്രത്തില്‍ ഒരു മുന്നണിയും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ തിരികെ അധികാരത്തിലേയ്ക്ക് എത്തിയിട്ടില്ല. ആ വെല്ലുവിളിയാണോ ഏറ്റെടുക്കുന്നത്?

ആ വെല്ലുവിളി ഞങ്ങൾ​​ ഏറ്റെടുക്കുന്നു. ഞങ്ങൾ വീണ്ടും അധികാരത്തിലേയ്ക്ക് വരും എന്ന ആത്മവിശ്വാസമുണ്ട്. പക്ഷേ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സംഘടനാപരമായും സർക്കാരിലും ആവശ്യമായ മാറ്റങ്ങൾ​ വരുത്തി പുതിയ കരുത്തോടെ ജനങ്ങൾക്കായി പ്രവർത്തിക്കും. എൽ ഡി എഫിനെ തിരിച്ച് അധികാരത്തിൽ​ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ