കൊച്ചി: എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയര്‍ തിങ്കളാഴ്ച മുതൽ കൊച്ചിയിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചു. 70 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ കൊച്ചി-ബെംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള സർവീസ് ഈ മാസം 26 വരെ നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.
ബെംഗളൂരു-കൊച്ചി വിമാനം (നമ്പർ 91-505) തിങ്കളാഴ്ച രാവിലെ ആറിന് കൊച്ചിയിലെത്തി. 91-505 നമ്പര്‍ വിമാനം 8.10ന് കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചു. ഇതേ വിമാനം രാവിലെ 10ന് ബെംഗളൂരുവില്‍നിന്ന് തിരിച്ച് 11.30ന് കൊച്ചിയിലെത്തും. ഇവിടെനിന്ന് 12.10ന് തിരിക്കുന്ന വിമാനം 1.30ന് ബെംഗളൂരുവിലെത്തും.

ക്യൂ നില്ക്കുന്നു
ഉച്ചക്ക് 2.10ന് ബെംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (നമ്പര്‍ 91-511) കൊച്ചിയില്‍ 4.25ന് എത്തിച്ചേരും. തുടര്‍ന്ന് 5.15ന് (നമ്പര്‍ 91-512) കൊച്ചിയില്‍നിന്ന് തിരിച്ച് വൈകീട്ട് ആറോടെ കോയമ്പത്തൂരില്‍ എത്തും. ഈ വിമാനം വൈകീട്ട് 6.30ന് കോയമ്പത്തൂരില്‍നിന്ന് തിരിച്ച് രാത്രി 7.30ഓടെ കൊച്ചിയിലെത്തും. തിങ്കളാഴ്ച സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി അലയൻസ് എയറിന്റെ എടിആർ വിമാനം ബെംഗളൂരുവിൽനിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആഭ്യന്തര സർവീസ് നടത്താൻ തീരുമാനിച്ചത്.