scorecardresearch

‘ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ല’; സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിന്റെ നിറം കെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി

ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയില്‍ ആണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Pinarayi Vijayan
Photo: Facebook/ Pinarayi Vijayan

തിരുവനന്തപുരം:സര്‍ക്കാരിനെതിരെ കെട്ടി പൊക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിന്റെ നിറം കെടുത്താനുള്ള ശ്രമം നടക്കുന്നു, ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന് താത്പര്യം വികസനത്തിലാണ്, ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിന്റെ നിറം കെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ആ പൂതിയൊന്നും ഏശിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയല്‍ നീക്ക രീതികള്‍ മാറി വരുകയാണ്. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതില്‍ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ ദുസ്ഥിതിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021 ല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു? എന്നിട്ട് എന്തു സംഭവിച്ചു? ജനങ്ങള്‍ ഒന്നാകെ കൂടെ നിന്നു എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എല്ലാ വികസനങ്ങളും തടയുകയെന്നതില്‍ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയില്‍ ആണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Allegations says chief minister

Best of Express