തിരുവനന്തപുരം: കക്കാടംപൊയിലിൽ തന്റെ ഉടമസ്ഥതയിലുള്ള പാർക്കിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പി.വി.അൻവർ എംഎൽഎ. പൂക്കോട്ടുംപാറയിലെ ഒരു കുടുംബത്തിന്റെ ഭൂമിത്തർക്കത്തിൽ ഇടപെട്ടതാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
മുരുകേശ് നരേന്ദ്രൻ എന്ന വ്യക്തിയാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തിൽ മറ്റൊരു കുടുംബം അവകാശം ഉന്നയിച്ചിരുന്നു. ഇവരുടെ അഭ്യർത്ഥന പ്രകാരം തർക്കം തീർക്കാൻ ഇടപെട്ടതാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
“തന്നെ കൈയ്യേറ്റക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും കരിവാരിത്തേക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഇവർക്ക് യുഡിഎഫ് ക്യാമ്പിൽ നിന്നാണ് സഹായം ലഭിക്കുന്നത്. കക്കാടംപൊയിലിൽ പാർക്ക് ആരംഭിച്ചത് ആ നാടിന്റെ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം നിയമസഭയിൽ പറഞ്ഞതിനെ വളച്ചൊടിച്ച് തന്നെ അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.”
“എനിക്ക് പാർക്കിന് അനുമതി ലഭിച്ചത് എംഎൽഎ ആകുന്നതിന് മുൻപാണ്. സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിച്ച് 46000 ൽപരം വോട്ട് നേടിയ ആളാണ് ഞാൻ. കഴിഞ്ഞ തവണയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായത്. ഇത്ര കാലവും ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചാണ് പൊതുസമ്മതിയുള്ള നേതാവായത്.”
“ഇതിനാലാണ് ഭൂമി തർക്കം തീർക്കാൻ മുരുകേശ് നരേന്ദ്രനെതിരെ ഈ കുടുംബം തന്റെ സഹായം അഭ്യർത്ഥിച്ചത്. താൻ ഇടപെടുന്നുവെന്ന് അറിഞ്ഞ് നരേന്ദ്രനും ഭാര്യയും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. അഞ്ചര കോടിയിലേറെ വില വരുന്ന വസ്തുവാണ്, മധ്യസ്ഥം വഹിക്കാതെ പിന്മാറുകയാണെങ്കിൽ 50 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്താണ് നരേന്ദ്രൻ പോയത്.”
“താൻ ഈ കൈക്കൂലിക്ക് വഴങ്ങിയില്ല. ഇതേ തുടർന്നാണ് താനും ഒരു സംഘം ഗുണ്ടകളും ചേർന്ന് ആക്രമിച്ചുവെന്ന് കോടതിയിലും പൊലീസിലും ഇയാൾ പരാതിപ്പെട്ടത്. പലവഴിക്ക് തന്നെ അഴിമതിക്കാരനും അക്രമിയുമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നിൽ മുരുകേശ് നരേന്ദ്രനും സംഘവും ആണ്. ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം തന്നെ കളവാണ്.”
“കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ ലൈസൻസും ഭൂമി സംബന്ധമായ രേഖകളും ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇപ്പോഴുയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആര്യാടൻ മുഹമ്മദിനും അദ്ദേഹത്തിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനും പങ്കുണ്ട്.”
“തനിക്കെതിരായ പരാതികളിൽ തെറ്റായ വിവരങ്ങൾ നൽകി മുരുകേശ് നരേന്ദ്രൻ നേരത്തെ ഹൈക്കോടതിയെ അടക്കം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്” എന്നും പി.വി.അൻവർ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.