കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം കൂടി പിണറായി സർക്കാരിന് വലിയ തലവേദനയാകുന്നു. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ, ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. താൻ ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നും 5,000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.
കേരളത്തിന്റെ സമുദ്രതീരം കൊള്ളയടിക്കാൻ പിണറായി സര്‍ക്കാര്‍ വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. സ്പ്രിൻക്ളർ അഴിമതിയെക്കാള്‍ വലിയ പാതകമാണ് ഇത്. യുഎസ് ആസ്ഥാനമായ ഇഎംസിസി കമ്പനിയുമായി 5,000 കോടി രൂപയുടെ ഇടപാട് ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കിലെത്തിയാണ് ഇതു സംബന്ധിച്ച ധാരണയുണ്ടാക്കിയതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
Read Also: മാനനഷ്ടക്കേസ്: അമിത് ഷായ്ക്ക് കോടതി നോട്ടീസ്, 22 ന് ഹാജരാകണം
വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനെതിരെയും ചെന്നിത്തല ആരോപണമുന്നയിച്ചിട്ടുണ്ട്. “മന്ത്രി ഇ.പി.ജയരാജനും ഈ കാര്യത്തില്‍ പങ്കുണ്ട്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടോം ജോസ് ആണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ചെറിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി പോകുന്നത് എന്തിനാണെന്ന് ഞങ്ങളൊക്കെ വിചാരിച്ചിരുന്നു. ഇപ്പോഴാണ് മനസ്സിലായത് പോയതിന്റെ ഉദ്ദേശം എന്താണെന്ന്. 5,000 കോടിരൂപയുടെ നിക്ഷേപം കേരളത്തില്‍ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന്റെ ആത്യന്തികഫലം എന്താകും? കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും,” ചെന്നിത്തല പറഞ്ഞു.
എന്നാൽ, ആഴക്കടൽ മത്സ്യബന്ധനത്തിനു ഒരു കമ്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയായി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്‌നവുമില്ല. പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ല. ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തികച്ചും അസംബന്ധമാണെന്നും മന്ത്രി തിരിച്ചടിച്ചു.
Read Also: മോദി സർക്കാർ എന്ത് ചെയ്താലും എതിർക്കുന്നത് ഒരു ഫാഷനായി മാറി: ഇ.ശ്രീധരൻ
ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി മന്ത്രി ജയരാജനും രംഗത്തെത്തി. വ്യവസായ നിക്ഷേപത്തിനായി നിരവധി അപേക്ഷകൾ കേരളത്തിലെത്തുന്നു. ആ അപേക്ഷകളിൽ ശരിയായ രീതിയിലാണ് തീരുമാനമെടുക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. പരാതി വന്നാൽ സർക്കാർ പരിശോധിക്കും. ചെന്നിത്തല വായിൽ തോന്നിയത് പറയുന്നുവെന്നും ജയരാജൻ പരിഹസിച്ചു.
കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതകുന്ന 2,950 കോടി രൂപയുടെ പദ്ധതിക്കാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലും കൈകോർത്തതെന്നാണ് സർക്കാർ അവകാശവാദം. കെഎസ്‌ഐഎൻസി എം.ഡി എൻ.പ്രശാന്തും ഇഎംസിസി ഇന്റർനാഷണൽ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസും ഫെബ്രുവരി അഞ്ചിനാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത്.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘അസൻഡ് 2020’ നിക്ഷേപസമാഹരണ പരിപാടിയിൽ ഇഎംസിസിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആഴക്കടൽ മൽസ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. മൽസ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെഎസ്‌ഐഎൻസിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തിൽ നിർമിക്കുക. നിലവിൽ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.