കൊച്ചി: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയിൽ ക്രമക്കേട് നടന്നെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
ഹർജിയിൽ കോടതി സർക്കാരിന്റെയും ഡിജിപിയുടേയും പിഎസ്‌സിയുടെയും വിശദീകരണം തേടി.
ഉത്തരക്കടലാസുകൾ കംപ്യൂട്ടർ മൂല്യനിർണയം നടത്തുമെന്ന് വിജ്ഞാപനം ചെയ്‌തെങ്കിലും 18,000 ഉത്തരക്കടലാസുകൾ പിഎസ്‌സി ഉദ്യോഗസ്ഥരെക്കൊണ്ട് മൂല്യനിർണയം നടത്തിച്ചെന്ന് ഹർജിയിൽ പറയുന്നു.
Read Also: ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവരെ ഒറ്റപ്പെടുത്തണം: നരേന്ദ്ര മോദി
മൂല്യനിർണയത്തിന് ചുമതലപ്പെടുത്തിയ 21 ഉദ്യോഗസ്ഥരുടെ പേരുകൾ പ്രസിദ്ധീകരിച്ചെന്നും ഇത് രഹസൃസ്വഭാവം നഷ്ടപ്പെടുത്തിയെന്നും അർഹരായവരെ ഒഴിവാക്കിയെന്നുമാണ് ഹർജിയിലെ ആരോപണം.
ഒരു കൂട്ടം ഉദ്യോഗാർഥികളാണ് കോടതിയെ സമീപിച്ചത്. പുനർമൂല്യനിർണയത്തിന് അനുവദിച്ച 45 ദിവസ സമയപരിധി 15 ആയി ചുരുക്കിയെന്നും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച പലർക്കും ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്നും ഹർജിയിൽ
പറയുന്നു.
ഹർജിയിൽ തീർപ്പാകുംവരെ പ്രാഥമിക റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാന ഹർജിയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബഞ്ച് പിഎസ്‌സിയുടെ നിലപാട് തേടി.
പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതിന്റെ കാരണം 19 നകം വിശദീകരിക്കണം. കെഎഎസ് മെയിൻ പരീക്ഷ ഈ മാസം 20, 21 തിയതികളിലാണ്.
3.14 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. 2020 ഫെബ്രുവരി 22 നായിരുന്നു പ്രാഥമിക പരീക്ഷ.