തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കാര്യമായി പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എൻഫോഴ്സ്മെന്റ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം സർക്കാരിനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചു. എന്നാൽ, ഇപ്പോൾ നടക്കുന്നത് അന്വേഷണ ഏജൻസിയുടെ പരിധിയിലുള്ള കാര്യമാണെന്ന് പിണറായി പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കുടുംബത്തിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ അവകാശമുണ്ട്. റെയ്ഡും തുടർ നടപടികളും രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഏജൻസിയുടെ കൈയിലുള്ള വിവരങ്ങൾ അറിയാതെ പറയാൻ സാധിക്കില്ല. വ്യക്തിക്കെതിരെ ഉയർന്നുവരുന്ന അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ മുൻകൂർ പ്രവചനം നടത്താൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ബിനീഷ് ബോസും ഡോണുമല്ല, തന്റെ കുട്ടികളുടെ അച്ഛൻ; ഇ ഡി ഭീഷണിപ്പെടുത്തിയെന്നും റെനീറ്റ
തന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനു ആശങ്കയില്ല. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴേക്കും മറ്റ് ചില കഥകൾ മെനയാൻ ചിലർക്ക് മോഹങ്ങളുണ്ട്. അന്വേഷണ ഏജൻസിക്ക് ചില വിവരങ്ങൾ അറിയാൻ ഉണ്ടാകും. അതുകൊണ്ടായിരിക്കും രവീന്ദ്രന് നോട്ടീസ് നൽകിയത്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അയാൾ പ്രതിയാകില്ലെന്നും പിണറായി പറഞ്ഞു. രവീന്ദ്രൻ തനിക്ക് വളരെ കാലമായി പരിചയമുള്ള ആളാണെന്നും അതുകൊണ്ട് തന്നെ പൂർണ വിശ്വാസമുണ്ടെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിലെ മാവോയിസ്റ്റ് കൊലപാതകത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മാവോയിസ്റ്റുകൾ മരിച്ചുവീഴണമെന്ന നിലപാട് സർക്കാരിനില്ല. സംസ്ഥാനത്ത് പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് തണ്ടർബോൾട്ട് പരിശോധന കർശനമാക്കിയത്. തണ്ടർബോൾട്ട് സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. ഈ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.