തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു സിഎജി റിപ്പോർട്ട്. ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് നിയമവിരുദ്ധമെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാതെ ആഡംബര വാഹനങ്ങൾ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ മാർഗനിർദേശമുണ്ടായിരുന്നു. എന്നാൽ, അതെല്ലാം ലംഘിച്ചാണ് ഡിജിപി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് സിഎജി റിപ്പോർട്ടിലുള്ളതെന്ന് കേരളത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റവന്യു വകുപ്പിനും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമർശനം. അഞ്ച് ജില്ലകളിൽ 1588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നുവെന്നാണ് കണ്ടെത്തൽ.
പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാർക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിക്കാനാണ് പണം വകമാറ്റിയതെന്ന് റിപ്പോർട്ടിൽ ആരോപണമുണ്ട്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി വിമർശിച്ചു.
ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നതായി സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. 2013 മുതൽ 2018 വരെയുള്ള 9285 കേസുകളിൽ തീർപ്പായില്ല. പോക്സോ കേസുകളും ഇതിൽ ഉൾപ്പെടും . സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു.