കൊച്ചി: ബാങ്ക് മാനേജരെ മര്‍ദിച്ച കേസിൽ അനുരഞ്ജനത്തിന് ശ്രമിക്കുകയാണെന്ന് നിശാന്തിനി ഐപിഎസ് ഹൈക്കോടതിയെ അറിയിച്ചു. സംഭവ സമയത്ത് തനിക്ക് കേസന്വേഷണത്തിന്റെ ചുമതലയില്ലായിരുന്നുവെന്ന് നിശാന്തിനി ഹൈക്കോടതിയെ അറിയിച്ചു. കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സര്‍ക്കാര്‍ സംവിധാനം ഒന്നാകെ തനിക്കെതിരാണന്നും എതിര്‍കക്ഷികള്‍ പേഴ്‌സി ജോസഫിനെ സഹായിക്കുന്നുവെന്നും നിശാന്തിനി ഹര്‍ജിയില്‍ പറയുന്നു.

നിശാന്തിനിയുടെ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഡിജിപി ആര്‍ ശ്രീലേഖ, തൊടുപുഴ എസ്‌പി, വനിതാ പൊലിസുകാര്‍, കേസിലെ ഒന്നാം പ്രതി ഷീജ ജയന്‍, പേഴ്‌സിയുടെ കുടുംബം എന്നിവരടക്കം 18 പേരാണ് എതിര്‍കക്ഷികള്‍.

തൊടുപുഴയില്‍ എസിപി ചുമതലയിലായിരുന്നപ്പോള്‍ യൂണിയന്‍ ബാങ്ക് മാനേജര്‍ ആയിരുന്ന പേഴ്‌സി ജോസഫിനെ വനിതാ പൊലീസുകാരെ ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കിയെന്നാണ് നിശാന്തിനിക്കെതിരെയുള്ള കണ്ടെത്തല്‍. നിശാന്തിനിയും ഷീജ ജയനും വനിതാ പൊലീസുകാരും അടക്കമുള്ളവര്‍ ഒത്തുകളിച്ച് ബാങ്ക് മാനേജരെ കേസില്‍ കുടുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Read More: ആർ.നിശാന്തിനിക്കെതിരെ സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചു

പേഴ്‌സി നല്‍കിയ ഹര്‍ജിയില്‍ നിശാന്തിനിക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അതിനിടെയാണ് വിചാരണക്കോടതിയിലെ കേസ് തീര്‍പ്പാക്കണമെന്ന ആവശ്യവുമായി നിശാന്തിനിയും കോടതിയിലെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പട്ടാണ് പേഴ്‌സി നിശാന്തിനിക്കെതിരെ തൊടുപുഴ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

തൊടുപുഴയിലെ ശക്തി ടയേഴ്‌സ് ഉടമയും നിശാന്തിനിയുടെ സുഹൃത്തുമായ ഷീജ ജയന്‍ ലോണ്‍ പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് പേഴ്‌സിയെ സമീപിച്ചതോടെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മാനേജര്‍ ആവശ്യം നിരസിച്ചത് തര്‍ക്കത്തിലാണ് അവസാനിച്ചത്. പിന്നീട് ഷീജ നിശാന്തിനിയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ നടത്തിയ ഗൂഢാലോചനയില്‍, വായ്പ ആവശ്യമില്ലാതിരുന്നിട്ടും വനിതാ പൊലീസുകാരായ പ്രമീളയെയും യമുനയേയും ടൂ വീലര്‍ ലോണിനായി മഫ്തി പൊലീസ് വേഷത്തില്‍ ബാങ്കിലേക്കയക്കുകയായിരുന്നു.

മാനേജര്‍ ലോണ്‍ നിഷേധിച്ചെന്നും പ്രമീളയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപിച്ച് മാനേജരെ കസ്റ്റിയില്‍ എടുത്ത് മര്‍ദിക്കുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസിന്റെ കള്ളി വെളിച്ചത്തായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.