തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് ഗവാസ്‌കർ. പരാതി പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി. എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യത്വ ലംഘനമാണ്. പട്ടിയെ പരിശീലിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ കാസർകോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഗവാസ്‌കർ പറഞ്ഞു.

എഡിജിപിയുടെ മകൾ സ്‌നികതയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവറായ പൊലീസുകാരൻ പരാതി നൽകിയത്. അസഭ്യം പറയുന്നത് എതിർത്തതാണ് മർദ്ദിക്കാൻ കാരണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്‌കർ. ഇന്നലെ രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകൾ അസഭ്യം പറഞ്ഞു. ഇതിനെ എതിർത്തതോടെ എഡിജിപിയുടെ മകൾ മൊബൈൽ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് പരാതിയിലുളളത്.

ഇതിനു മുൻപും മകളും ഭാര്യയും തന്നെ അസഭ്യം പറഞ്ഞിരുന്നു. ഇക്കാര്യം എഡിജിപിയെ അറിയിച്ചു. ഇതിന്റെ വൈരാഗ്യമാകാം മർദ്ദത്തിനു പിന്നിലെന്ന് ഗവാസ്‌കർ പറഞ്ഞു.

അതേസമയം, സ്‌നിക്ത നല്‍കിയ പരാതിയിൽ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മ്യൂസിയം പൊലീസിന്റേതാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സ്‌നിക്തയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.