മുംബൈ: പീഡന പരാതിയില്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട സാംപിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് അഭിഭാഷകന്‍ ആരോപിച്ചു. സാംപിള്‍ പരിശോധനയ്ക്ക് ബിനോയ് തയ്യാറായില്ലെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചു.

Read Also: ‘ദേ വന്നു, ദാ പോയി’; ബിനോയ് കോടിയേരി പൊലീസിന് മുമ്പില്‍ ഹാജരായി

കുട്ടിയുടെ പിതൃത്വം ഉൾപ്പെടെയുള്ള വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ക്രിമിനൽ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കണം.യുവതി സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ചിത്രങ്ങൾ ബിനോയിക്ക് തിരിച്ചടിയാണ്. അതിനിടയിലാണ് ഫോൺ സന്ദേശവും പുറത്തുവന്നത്.

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ജൂലെെ മൂന്നിനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കുകയും ഒരു ആൾ ജാമ്യവും വരുന്ന ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകുകയും ചെയ്യണം എന്ന ഉപാധികളോടെയായിരുന്നു ജാമ്യം. ജാമ്യമനുവദിക്കുന്നത് മനുഷ്യാവകാശത്തിന്റെ പേരിലാണ്, അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് ഹാജരാകേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.

Read Also: കാറില്‍ വച്ച് തന്നെ മരിച്ചെന്ന് ഉറപ്പിച്ചു; രാഖിയുടെ മൃതദേഹം പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി

കുഞ്ഞിന്റെ പിതൃത്വത്തിന്റെ ഉത്തരവാദിത്വം ബിനോയിക്കാണെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബലാത്സംഗത്തിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ബിനോയിയുടെ കൈയ്യിലുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്‌തെ പറഞ്ഞു. ബിനോയിയും യുവതിയും ഒരേ ടവറിന് കീഴിലുളള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.