തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ചുമതല ആർക്കാണെന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാർമികതയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രൻ രാജിവച്ചത്. കുറ്റമേറ്റെടുത്തല്ല രാജിവച്ചതന്നും പിണറായി വ്യക്തമാക്കി.

Read More: എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല. കയ്യേറ്റക്കാർക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും. ദേവികുളം സബ് കലക്ടറെ മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. ഇടുക്കിയുടെ ഭൂപ്രകൃതിയെയും ജനങ്ങളെയും സംരക്ഷിക്കണമെന്നാണ് സർക്കാർ നയമെന്നും പിണറായി പറഞ്ഞു.

എസ്.രാജേന്ദ്രൻ എംഎൽഎയെയും മുഖ്യമന്ത്രി പിന്തുണച്ചു. രാജേന്ദ്രനെതിരായ ആരോപണങ്ങൾ നേരത്തെയുള്ളതാണ്. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ലൈംഗിക ആരോപണം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു; പകരം മന്ത്രി ഉടനില്ല

മൂന്നാറിൽ സിപിഎം നേതാക്കൾ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മൂന്നാർ നഗരത്തിലുളള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടി ഗ്രാമമാക്കി മാറ്റിയത്. പ്രദേശത്തു പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നേരിടാൻ ഇവർ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചതായി വാർത്തകളുണ്ടായിരുന്നു. മാത്രമല്ല, ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്നും സിപിഎം പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ