കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കാനിരിക്കുന്ന കൊച്ചി മെട്രോ. കേരളത്തിന്റെ വികസന പദ്ധതികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. 5182 കോടി മുടക്കിയാണ് ആലുവ മുതൽ പേട്ട വരെ മെട്രോയ്ക്കായി കണക്കാക്കിയിരിക്കുന്നത്.
എന്നാൽ ഉദ്ഘാടനത്തിന് മുൻപേ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ലിംഗ സൗഹൃദ സംസ്ഥാനമെന്ന മുന്നേറ്റത്തിലേക്കാണ് കൊച്ചി മെട്രോയ്‌ക്കൊപ്പം കേരളവും കുതിച്ചത്.
മെട്രോ പണി കുടുംബശ്രീക്ക്
സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണ പദ്ധതികളിൽ മുൻപിൽ നിൽക്കുന്ന കുടുംബശ്രീ മിഷനാണ് കൊച്ചി മെട്രോയുടെ തൊഴിൽ കരാർ നൽകിയത്. മെട്രോയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികളാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരിക്കുന്നത്.
ആകെ ജീവനക്കാർ 507
കുടുംബശ്രീ, കൊച്ചി മെട്രോയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത് 507 പേർക്കാണ്. മെട്രോ ഓടിത്തുടങ്ങുമ്പോൾ ഇതിന്റെ ചുമതലയിൽ കുടുംബശ്രീ തൊഴിലാളികളാണ് ഉണ്ടാവുക. ലോക്കോ പൈലറ്റുമാർ മുതൽ ശുചീകരണ വിഭാഗം വരെ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്.
23 ട്രാൻസ്ജെന്റർ വിഭാഗക്കാരും
കൊച്ചി മെട്രോയ്ക്ക് ആഗോള തലത്തിൽ പ്രചാരം നേടിക്കൊടുത്ത തീരുമാനമാണിത്. കൊച്ചി മെട്രോയുടെ നടത്തിപ്പിൽ ട്രാൻസ്ജെന്റർ വിഭാഗക്കാർക്കും പങ്കാളിത്തമുണ്ടാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീയിലൂടെ 23 ട്രാൻസ്ജെന്റർ വിഭാഗക്കാർക്കാണ് ജോലി ലഭിച്ചത്. ഇത് ആഗോള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
6 തീവണ്ടി; 67 മീറ്റർ നീളം
കൊച്ചി മെട്രോയ്ക്കായി 6 തീവണ്ടികളാണ് ഇതുവരെ എത്തിച്ചിരിക്കുന്നത്. ഒരു ട്രയിനിൽ മൂന്ന് ബോഗികൾ വീതം 18 ബോഗികളുണ്ട്.
136 പേർക്ക് ഇരിക്കാം
ഒരു മെട്രോ തീവണ്ടിയിൽ 136 പേർക്കാണ് ഇരിക്കാൻ സൗകര്യം. ആകെ 975 പേർക്ക് യാത്ര ചെയ്യാനാകുമെന്നാണ് മെട്രോ അധികൃതർ പറയുന്നത്.
22 സ്റ്റേഷൻ; തുറക്കുന്നത് 11 സ്റ്റേഷൻ
രാജ്യത്തെ മെട്രോ നിർമ്മാണങ്ങളിൽ ഏറ്റവും വേഗത്തിൽ പൂർത്തിയായത് കൊച്ചി മെട്രോയാണ്. ചെന്നൈ, ബെംഗലൂരു, ഹൈദരാബാദ് മെട്രോകളെല്ലാം വിവാദങ്ങളിൽ തട്ടി വൈകിയപ്പോൾ മൂന്ന് വർഷവും ഒൻപത് മാസവും കൊണ്ട് കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കുകയാണ്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിൽ 22 സ്റ്റേഷനുകളുണ്ട്. ഇതിൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണ് തുറക്കുന്നത്.
10 മുതൽ 40 വരെ
ആദ്യം 15 മുതൽ 30 രൂപ വരെയാണ് കൊച്ചി മെട്രോയുടെ ടിക്കറ്റ് ചാർജ് നിശ്ചയിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. മിനിമം ചാർജ് 15 ൽ നിന്ന് 10 ആക്കി കുറച്ചപ്പോൾ പരമാവധി 30 രൂപ ടിക്കറ്റ് നിരക്ക് 40 ആയി ഉയർന്നു.
13 കിലോമീറ്റർ ദൂരം
ആദ്യഘട്ടത്തിൽ 13 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോ ഓടുക. ആലുവ മുതൽ പാലാരിവട്ടം വരെയാണ്. കൊച്ചിയുടെ ആകാശക്കാഴ്ചയാണ് കൊച്ചി മെട്രോയുടെ പ്രത്യേകത. 90 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രയിൻ ശരാശരി 60 കിലോമീറ്റർ വരെ വേഗത്തിലാവും സർവ്വീസ് നടത്തുക.