കൊച്ചി: ലോകാരോഗ്യ സംഘടന അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണം എന്നാവശ്യപ്പെടുന്ന വൈറസാണ് ക്രിമിയന്‍ കോംഗോ ഹെമൊറോജിക്. നിപ്പയ്ക്ക് സമാനമായ നിലയിൽ വൈറസ് രോഗിയെ ദിവസങ്ങൾക്കുളളിൽ കീഴ്പ്പെടുത്തും. എന്നാൽ നിപ്പയോളം ഗുരുതരമല്ല ഈ വൈറസ് എന്നതാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഈ വൈറസ് ബാധയേറ്റ വ്യക്തികളിൽ 10 ശതമാനം മുതൽ 40 ശതമാനം വരെയാണ് മരണ നിരക്ക്. എത്ര നേരത്തേ രോഗം കണ്ടെത്താൻ സാധിക്കുന്നോ, അത്രയും നേരത്തെ രോഗത്തെ പ്രതിരോധിക്കാനാവും. ഇതിനാവശ്യമായ ചികിത്സകൾ ഇന്ന് ലോകത്തുണ്ട്.
ചെളള്, വൈറസിന്റെ വാഹകൻ
മൃഗങ്ങളിൽ കാണുന്ന ചെളളാണ് കോംഗോ വൈറസിന്റെ വാഹകൻ. ‘ഹെല്ലോമ’ എന്ന ചെള്ളിനത്തില്‍പ്പെട്ട ജീവിയില്‍ കാണുന്ന ‘ബണ്‍യാവിരിദെ’ എന്ന വൈറസ് കുടുംബാംഗമാണ് ക്രിമിയന്‍ കോംഗോ ഹെമൊറോജിക് (സി.സി.എച്ച്).
പഴയ സോവിയറ്റ് യൂണിയനിലെ ക്രിമിയയിൽ 1944 ലാണ് ആദ്യമായി കോംഗോ വൈറസിനെ കണ്ടെത്തിയത്. അന്നിതിന് ക്രിമിയൻ ഹെമറോജിക് വൈറസ് എന്നാണ് പേരിട്ടത്. പിന്നീട് കാൽ നൂറ്റാണ്ട് കഴിഞ്ഞ് 1969 ൽ കോംഗോയിലും വൈറസിനെ കണ്ടെത്തി. ഇതോടെ പേര് ക്രിമിയൻ കോംഗോ ഹെമറോജിക് വൈറസ് എന്നായി.
Read: സംസ്ഥാനത്ത് ഒരാൾക്ക് കോംഗോ പനി ബാധിച്ചതായി സംശയം
വൈറസ് പടരുന്നത് ഇങ്ങിനെ
വളര്‍ത്തുമൃഗങ്ങളിലൂടെയും വന്യജീവികളിലൂടെയും ഒരേപോലെ ഈ വൈറസ് പടരാം. മൃഗങ്ങളുടെ തൊലിയിൽ നിന്ന് മനുഷ്യരിലേക്കും മൃഗങ്ങളുടെ രക്തത്തിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് ബാധയേറ്റയാളുടെ രക്തം, ശരീരസ്രവം എന്നിവയിലൂടെ മറ്റ് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയേറ്റ ആളുടെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് മറ്റൊരാളിൽ ഉപയോഗിച്ചാലോ, അല്ലെങ്കിൽ മെഡിക്കൽ ഉപകരണങ്ങളിലൂടെയും ഇത് പടരാവുന്നതാണ്.
സിസിഎച്ച് ലക്ഷണങ്ങൾ ഇവ
വൈറസ് ബാധയേറ്റ വ്യക്തിക്ക് കടുത്ത തലവേദന അനുഭവപ്പെടാം. വയറുവേദന, ഛർദ്ദി, സന്ധിവേദന, ഉയർന്ന താപനിലയിലുളള പനി എന്നിവയും രോഗലക്ഷണങ്ങളാണ്.
ഇതിന് പുറമെ ഈ വ്യക്തിക്ക് നടുവേദനയും കണ്ണ് അസാധാരണമാം വിധം ചുവന്ന് തുടുക്കുകയും തൊണ്ടയിൽ പഴുപ്പുണ്ടാകാനും സാധ്യതയേറെയാണ്.
വൈറസ് ബാധയേറ്റ ആളിൽ കുത്തിവെപ്പെടുത്താൽ ഇതിലൂടെ അനിയന്ത്രിതമായി രക്തം പുറത്തേക്ക് ഒഴുകും. മൂക്കിലൂടെയും രക്തം പുറത്തേക്ക് വരാം. ചിലർക്ക് മഞ്ഞപ്പിത്തവും ഉണ്ടാകും.