കൊച്ചി: നീണ്ട 48 മണിക്കൂർ, ഇന്ത്യ ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ-ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജ്യത്തെ 19 ഓളം ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
എന്താണ് 48 മണിക്കൂർ സമരം?
ഇന്ന് അർദ്ധരാത്രി മുതലാണ് 48 മണിക്കൂർ പണിമുടക്കിന് തുടക്കമാവുക. ഇന്ന് അർദ്ധരാത്രി ആരംഭിക്കുന്ന സമരം ബുധനാഴ്ച അർദ്ധരാത്രി പിന്നിട്ടാലേ അവസാനിക്കൂ. ഈ ദിവസങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യില്ല. പണിമുടക്കിന്റെ ഭാഗമായി എല്ലായിടത്തും തൊഴിലാളികൾ പ്രതിഷേധ യോഗം ചേരും. എട്ട്, ഒൻപത് തീയതികളിൽ ഓരോ ജില്ലയിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പിക്കറ്റിങ് നടക്കും. രണ്ട് ദിവസങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തകർ സംസ്ഥാനത്ത് എല്ലാ പ്രധാന കവലകളിലും പ്രതിഷേധ റാലികളും സംഘടിപ്പിക്കും.
എന്തിന് വേണ്ടിയാണ് ഈ സമരം?
രാജ്യത്തെ ജീവനക്കാരുടെയും തൊഴിലാളികളുടെയും മിനിമം വേതനം 18,000 രൂപയാക്കുകയെന്നതാണ് പ്രധാന മുദ്രാവാക്യം. റെയില്‍വേയടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുളള നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക, തൊഴിൽ നയത്തിലെ തൊഴിലാളി വിരുദ്ധ നിബന്ധനകൾ ഒഴിവാക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമരം. രാജ്യത്തെ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ചരിത്ര സംഭവമാകുമെന്നാണ് ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതിയുടെ ആത്മവിശ്വാസം. അതേസമയം, ജിഎസ്‌ടി അടക്കമുളള സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ ചെറുകിട-ഇടത്തരം വ്യാപാരമേഖലയെ താറുമാറാക്കിയതിനെതിരെയും സമരത്തിൽ മുദ്രാവാക്യമുണ്ട്.
കേരളത്തിൽ ആരൊക്കെയാണ് സമര രംഗത്തുളളത്?
രാജ്യത്തെ 19 പ്രമുഖ ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര-സംസ്ഥാന ജീവനക്കാരും പണിമുടക്കുന്നുണ്ട്. സിഐടിയു, ഐന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, യുടിയുസി എന്നിവർക്കൊപ്പം മുസ്‌ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്‌ടിയുവും പങ്കെടുക്കുന്നുണ്ട്. ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസ് മാത്രമാണ് സമരത്തിൽ പങ്കെടുക്കാത്തത്. അതേസമയം, അദ്ധ്യാപകരും അനദ്ധ്യാപകരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ, കേന്ദ്ര സർക്കാരിന്റെ ഭാഗമായ റെയിൽവെ, പോസ്റ്റൽ, ബിഎസ്എൻഎൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും സമരം ചെയ്യുന്നുണ്ട്.
വാഹനങ്ങൾ ഓടുമോ?
പത്രം, പാൽ, ആശുപത്രി എന്നിവയ്ക്ക് പുറമെ വിനോദസഞ്ചാര മേഖലയെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്നാണ് സംയുക്ത സമര സമിതിയുടെ ചെയർമാനായ എളമരം കരീം പറഞ്ഞത്. സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ സിഐടിയു, ഐഎൻടിയുസി എന്നിവയിൽ അഫിലിയേറ്റ് ചെയ്തവയാണ്. അതിനാൽ അവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ബോട്ട്-ജങ്കാർ ജീവനക്കാർ സമരത്തിന്റെ ഭാഗമാണ്. ഓട്ടോറിക്ഷ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. ഇതിന് പുറമെ, ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി സർവ്വീസുകളും പ്രവർത്തിക്കില്ല. ബിഎംഎസ് പ്രവർത്തകരെ ഈ രണ്ട് ദിവസങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുമോയെന്ന കാര്യത്തിൽ വ്യക്തമായ ഒരുത്തരം സമര സമിതി ഇതുവരെ നൽകിയിട്ടില്ല.
വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുമോ?
സംസ്ഥാനത്ത് തുടർച്ചയായി ഹർത്താലുകൾ നടക്കുന്ന പശ്ചാത്തലത്തിൽ പൊതുപണിമുടക്കിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ സിപിഎം, കോൺഗ്രസ്, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെയെല്ലാം ട്രേഡ് യൂണിയനുകൾ സമരം ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് എതിരെയാണ്. അതിനാൽ തന്നെ, മാർക്കറ്റുകളിൽ ചുമട്ടുതൊഴിലാളികൾ അടക്കം ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ തുറക്കരുതെന്ന ആവശ്യമാണ് സംഘനകൾ മുന്നോട്ട് വച്ചിട്ടുളളത്. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നാൽ അടപ്പിക്കില്ലെന്ന ഉറപ്പ് അവർ നൽകി. ഈയൊരു സാഹചര്യത്തിൽ എത്രത്തോളം വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യക്തമല്ല. എന്നാൽ ടെക്സ്റ്റൈൽ മേഖലയിലടക്കം സമരം ശക്തമാക്കാനാണ് ട്രേഡ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.