പമ്പ: മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. പുതിയ മേൽശാന്തിമാരായ കണ്ണൂർ മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് കെ.ജയരാമൻ നമ്പൂതിരി (ശബരിമല), വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണവും നടന്നു.
ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്കു മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയെ കലശാഭിഷേകം നടത്തി അവരോധിക്കും.
വൃശ്ചികം ഒന്നായ നവംബര്‍ 17നു പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി 16നു രാത്രി പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ 4ന് പുതിയ മേൽശാന്തി നട തുറക്കും. ഡിസംബർ 27 ന് മണ്ഡലപൂജയ്ക്കുശേഷം നട അടച്ചാൽ പിന്നെ മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.
കോവിഡ് അടച്ചിടലിനുശേഷമുള്ള ആദ്യ പൂര്‍ണ സീസണില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി പ്രതീക്ഷിക്കുന്നതു 40 ലക്ഷത്തോളം തീര്‍ഥാടകരെയാണ്. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് ഇടങ്ങളിലായി 14,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 134 സിസിടിവി ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്.

ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാണ്. 12 സ്ഥലങ്ങളിൽ തത്സമയ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ മാത്രം 10 ബുക്കിങ് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കാണ് തത്സമയ ബുക്കിങ് ചെയ്യാനാവുക. ബുക്കിങ്ങിന് ഫീസില്ല.