തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബിജെപി ബഹിഷ്കരിച്ചു. ഗവര്‍ണറേയും കര്‍ണാടക മുഖ്യമന്ത്രിയെയും തടഞ്ഞതിനെതിരെ പ്രമേയം പാസാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, യോഗം ഇത് അംഗീകരിച്ചില്ല. അതിനെ തുടര്‍ന്നാണ് ബിജെപി സര്‍വകക്ഷിയോഗം ബഹിഷ്കരിച്ചത്.
പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അന്തിമ വിധിവരും വരെ കാത്തിരിക്കണമെന്ന് ബിജെപി വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ യോഗം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് എം.എസ്.കുമാര്‍ കുറ്റപ്പെടുത്തി.
Read Also: ഞങ്ങളുടെ വിവാഹത്തിന് രജനീകാന്ത് എത്തിയപ്പോള്‍; അപൂര്‍വ ചിത്രം പങ്കുവച്ച് താരം
പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം, ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നൽകാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇങ്ങനെയൊരു ആശയം ഉരുതിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശയം മുന്നോട്ടുവച്ചത്. സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചാല്‍ തുടർനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.