തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചേക്കും. സംസ്ഥാനത്തെ ഒഴിവുവന്ന നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാണ് സർക്കാർ ആവശ്യം. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും മുഖ്യമന്ത്രി തേടിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചാൽ മാത്രമേ സർക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുവെന്നാണ് പ്രതിപക്ഷ നിലപാട്.

അടുത്ത വർഷം ആദ്യ മാസങ്ങളിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തുന്ന വിധത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നാളെ ചേരുന്ന സർവ്വകക്ഷി യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു.

അതേസമയം ഇടതുമുന്നണിയിൽ ഇതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നതെന്നാണ് സൂചന. ഘടകകക്ഷികൾക്ക് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനോട് താൽപര്യമില്ല. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുളള നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

ഒഴിവുവന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. വ്യക്തമായ കാരണങ്ങളില്ലാതെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും മാത്രം മതിയായ കാരണങ്ങളല്ല ഇപ്പോൾ ഉന്നയിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം. എന്നാൽ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.