/indian-express-malayalam/media/media_files/uploads/2018/08/ramesh.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സർവകക്ഷിയോഗം വെറും പ്രഹസനം ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നത്. സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇതൊരു നല്ലൊരു അവസരമായിരുന്നു. പക്ഷേ സർക്കാർ അത് പ്രയോജനപ്പെടുത്തിയില്ല.
ആമുഖ പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നു. ഞങ്ങളുടെ മറുപടി കേട്ടതിനുശേഷം എങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റുമെന്ന് കരുതി. പക്ഷേ അത് ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്. റിവ്യൂ ഹർജികളിൽ വാദം കേൾക്കുന്നതുവരെ വിധി നടപ്പിലാക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇത് ചെവികൊണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചിരുന്നു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി വായിച്ചത്.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ യോഗം നിർണായകമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.