കോട്ടയം: ലോക്ക്ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വർധിക്കുന്നു. വ്യാജ ഓഡിയോ ബുക്ക് പ്രചരിപ്പിച്ച ദി ഡെയ്‌ലി ന്യൂസ് യൂട്യൂബ് ചാനലിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പകർപ്പവകാശ രേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് ദി ഡെയ് ലി ന്യൂസ് ഓഡിയോ ബുക്കാക്കി വിതരണം ചെയ്തത്. വ്യാപകമാകുന്ന പകർപ്പവകാശ ലംഘനത്തിനെതിരെ ഓൾ കേരള പബ്ളിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുകയാണ്.

വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും കോപ്പി റൈറ്റുള്ള പുസ്തങ്ങളുടെ പിഡിഎഫ് ഷെയർ ചെയ്യുന്നത് കുറ്റകരമാണ്. പുസ്തക-വിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും ഇത്തരത്തിലുള്ള പകർപ്പവകാശ ലംഘനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. പിഡിഎഫിന് പുറമെ നിരവധി വ്യാജ ഓഡിയോ ബുക്കുകളും പ്രചരിക്കുന്നുണ്ട്. പലരും പുസ്തകങ്ങൾ വായിച്ചുകൊണ്ടുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്.

“എം.ടി.വാസുദേവൻ നായർ, കെ.ആർ മീര, സി.രാധാകൃഷ്ണൻ തുടങ്ങി ഭൂരിഭാഗം എഴുത്തുകാരും മറ്റു ജോലികളോ വരുമാനമാർഗങ്ങളോ ഉള്ളവരല്ല, ഇവരൊക്കെ ഇതിന്റെ റോയൽറ്റികൊണ്ട് മാത്രം ജീവിക്കുന്നവരാണ്. പുസ്തകങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന ഏതാണ്ട് 15,000ത്തോളം പേർ കേരളത്തിലുണ്ട്. പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതും, എഴുത്തുമായി ബന്ധപ്പെട്ടതും, പുസ്തകശാലകളും അവിടുത്ത ജീവനക്കാരും, അച്ചടിക്കുന്ന പ്രസുകളിലെ ജീവനക്കാരുമുണ്ട്. ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് ഈ കിട്ടുന്ന പൈസകൊണ്ടാണ്. ഇവരുടെയൊക്കെ വരുമാനമാണ് ഇല്ലാതാകുക. പണ്ട് കാസറ്റ് വ്യവസായം തകർന്നതു പോലെ ഇതും തകരും. സിനിമയുടെ കോപ്പിറൈറ്റ് വയലേഷൻ പോലെ തന്നെയാണ് ഇതും. ബഷീറിന്റെ പുസ്തകങ്ങളുടെ ഇന്ത്യൻ കോപ്പിറൈറ്റ് കഴിയാൻ അറുപത് വർഷവും രാജ്യാന്തര കോപ്പിറൈറ്റ് തടയാൻ 50 വർഷവും കഴിയണം,” ഓൾ കേരള പബ്ളിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി സിഐസിസി ജയചന്ദ്രൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: കോവിഡിനെതിരായ ചെറുത്തു നിൽപ്പ്; സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകി

ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, ടി.പത്മനാഭൻ, കെ.ആർ. മീര, ബെന്യാമിൻ തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകളാണ് പിഡിഎഫ് രൂപത്തിൽ പ്രചരിക്കുന്നത്. ഇത് എഴുത്തുകാർക്ക് ലഭിക്കേണ്ട റോയൽറ്റി തുകയെ ബാധിക്കുന്നതാണ്. ഡിസി ബുക്സ്, മാതൃഭൂമി, സങ്കീർത്തനം, കറന്റ് ബുക്സ് തുടങ്ങി വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

വ്യാജ ഓഡിയോ ബുക്ക് പ്രചരിപ്പിച്ച ദി ഡെയ്‌ലി ന്യൂസ് യൂട്യൂബ് ചാനലിന്റെ അധികൃതരുമായി തങ്ങളുടെ ഓഫീസിലുള്ളവരും താനും ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ ഓഡിയോ പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നിയമനടപടി സ്വീകരിക്കേണ്ടി വന്നതെന്നും ഡിസി ബുക്സ് മാനേജിങ് ഡയറക്ടർ രവി ഡിസി പറഞ്ഞു. ഇതിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പുസ്തകങ്ങളുടെ പിഡിഎഫുകൾ പ്രചരിപ്പിക്കുന്നവരോടും തങ്ങൾ സംസാരിക്കുന്നുണ്ടെന്നും ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ലോക്ക്ഡൗൺ, ജനത കർഫ്യൂ സമയത്ത് ഡിസി ബുക്സ് ഉൾപ്പെടെയുള്ള പ്രസാധകർ 70,000ത്തിൽ അധികം പുസ്തകങ്ങൾ സൗജന്യമായി നല്‍കിയിട്ടുണ്ട്. ഒരു മാസത്തേക്ക് മലയാളം പുസ്തകങ്ങളുടെ ഓഡിയോ ആപ്പും നൽകിയിട്ടുണ്ട്. 80 ശതമാനം വിലക്കുറവിലും പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇതിനപ്പുറം പകർപ്പുകൾ പ്രചരിക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാൻ സാധിക്കില്ല,” രവി ഡിസി വ്യക്തമാക്കി.

വീട്ടിലിരിക്കുന്നവർക്ക് വായിക്കാൻ സൗജന്യമായും വിലക്കുറവിലും പ്രസാധകർ പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇവ പകർത്താനോ മറ്റുള്ളവർക്ക് നൽകാനോ സാധിക്കാത്ത വിധത്തിലാണ്. ഇങ്ങനെയല്ലാത്ത പകർപ്പുകൾ പ്രചരിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്താൽ പകർപ്പവകാശ ലംഘനത്തിനെതിരെ പൊലീസ് കേസുൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേരള ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും നൽകേണ്ടി വരുന്ന കുറ്റകൃത്യമാണിതെന്ന് സംഘടന മുന്നറിയിപ്പു നൽകി. പകർപ്പവകാശ ലംഘനത്തിനെതിരെ വായനക്കാരും രംഗത്തിറങ്ങണമെന്നും അസോസിയേഷൻ അറിയിച്ചു.

നിരവധി ഗായകരുടെ പാട്ടുകളും ഇത്തരത്തിൽ പകർപ്പവകാശം ലംഘിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.