കൊച്ചി: കോളേജുകളിൽ നാളെ പതിവുപോലെ ക്ലാസ് നടന്നേക്കില്ല. വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഗസ്റ്റ് അദ്ധ്യാപകരുടെ സൂചനാ സമരം നാളെ നടക്കുകയാണ്. പല തവണ മുട്ടിയിട്ടും കേൾക്കാതിരുന്ന അധികൃതർ എങ്ങിനെ സമരത്തിലേക്ക് പോകുന്ന താത്കാലിക അദ്ധ്യാപകരോട് പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

കേരളത്തിലെ കോളേജ് വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്നവരാണ് താത്കാലിക അദ്ധ്യാപകർ. ഇവരുടെ വേതനം, യോഗ്യതകൾക്കോ തൊഴിലിനോ അടിസ്ഥാനപ്പെടുത്തിയുളളതല്ല എന്ന വലിയ പ്രശ്നമാണ് ഉന്നയിക്കപ്പെടുന്നത്. രണ്ട് വർഷത്തിലേറെയായി വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒറ്റ തിരിഞ്ഞും കൂട്ടായും ഇവർ അധികൃതരെ സമീപിക്കുന്നു. എംഎൽഎ മാർക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വരെ നിവേദനങ്ങളെത്തി. എന്നാൽ ഒന്നും വേണ്ട വിധം പരിഗണിക്കപ്പെട്ടില്ല. ഇതാണ് ഇപ്പോൾ സമരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

യുജിസി നിശ്ചയിച്ചിരിക്കുന്ന നെറ്റ്, പിഎച്ച്ഡി യോഗ്യതയുളള ഗസ്റ്റ് അദ്ധ്യാപകർക്ക് ഇപ്പോൾ ലഭിക്കുന്നത് ഒരു മണിക്കൂറിന് 500 രൂപയാണ്. ഈ യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് 300 രൂപയാണ് മണിക്കൂറിന് വേതനം. ആഴ്ചയിൽ പരമാവധി 16 മണിക്കൂറുകളെന്ന ക്രമത്തിൽ ഒരു മാസം 50 മണിക്കൂർ എന്ന ജോലിസമയവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. 50 മണിക്കൂർ ജോലി ചെയ്താലും പരമാവധി വേതനം 25000 രൂപയായിരിക്കും.

“എനിക്ക് 16000 രൂപ ലഭിച്ച മാസങ്ങളുണ്ട്. കൂടിയാൽ 24870 രൂപ വരെ കിട്ടിയ മാസങ്ങളുണ്ട്. ഓരോ മാസവും ശനി, ഞായർ ദിവസങ്ങളും സമരവും പൊതു അവധിയും കഴിയുമ്പോൾ പ്രവർത്തി ദിവസങ്ങൾ ഏറിയും കുറഞ്ഞും ഇരിക്കും. അതേസമയം 1470 രൂപ വച്ച് 30 ദിവസം എന്ന പുതിയ കണക്ക് സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റുമാണ്”, കോഴിക്കോട് ബാലുശേരി ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകനായ പിസി ലിബീഷ് പറഞ്ഞു.

“സെമസ്റ്റർ രീതിയിലേക്ക് കോളേജ് വിദ്യാഭ്യാസം മാറിയതോടെ പല മാസങ്ങളിലും 17 ദിവസം മാത്രമേ കോളേജുകളിൽ അദ്ധ്യയനം ലഭിക്കുന്നുളളൂ. അപ്പോൾ ലഭിക്കുന്ന വേതനം 18000 ത്തിലും താഴെയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ കലണ്ടറിൽ അവധിയാണ്. ഈ മാസങ്ങളിൽ പരീക്ഷകൾ നടന്നാലും ഞങ്ങൾക്ക് വേതനം കിട്ടാറില്ല”, സമരത്തിന് ആഹ്വാനം ചെയ്ത ഓൾ കേരള കോളേജ് ഗസ്റ്റ് ലെക്ചറേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. രജിത്ത് പറഞ്ഞു. കാസർഗോഡ് ജില്ലയിലെ എളേരിത്തട്ട് ഇകെ നായനാർ സ്മാരക ഗവ കോളേജിലെ അദ്ധ്യാപകനാണ് ഇദ്ദേഹം.

അതേസമയം ഹയർ സെക്കണ്ടറി സ്കൂളുകളിൽ അദ്ധ്യാപകർക്ക് ലഭിക്കുന്നത് പ്രതിദിനം 1360 രൂപ എന്ന ക്രമത്തിലാണ്. 21 ദിവസമാണ് ഇവിടെ താത്കാലിക അദ്ധ്യാപകർക്ക് ഒരു മാസം ജോലി ചെയ്യാനാവുന്നത്. അങ്ങിനെ വന്നാലും ഇവർക്ക് 28,665 രൂപ വരെ മാസം ലഭിക്കും. ശനിയാഴ്ചയും പ്രവർത്തി ദിവസമായ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ താത്കാലിക അദ്ധ്യാപകർക്ക് 34,125 രൂപ വരെ വേതനം കിട്ടും. ഈ സമയത്താണ് യുജിസി അംഗീകാരമുള്ള കോളേജ് അദ്ധ്യാപകർക്ക് കുറവ് വരുമാനം ലഭിക്കുന്നതെന്നാണ് സമരക്കാർ ചൂണ്ടിക്കാട്ടുന്നതത്.

2010 ൽ നിശ്ചയിച്ച വേതന വ്യവസ്ഥ 2016 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ സംഘടന ഉന്നയിച്ചിരിക്കുന്നത്. സെമസ്റ്റർ ക്രമത്തിലേക്ക് മാറിയെങ്കിലും ഇപ്പോഴും വർഷക്കണക്കിലാണ് ഇവരുടെ വേതന വിതരണവുമായി ബന്ധപ്പെട്ട അദ്ധ്യയനകാലം കണക്കാക്കുന്നത്.

“സെമസ്റ്റർ പരീക്ഷകൾ നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകർക്ക് വേതനം കുറവാണ് ലഭിക്കാറുളളത്. ഏപ്രിൽ-മെയ് മാസങ്ങളിൽ അവധിയായതിനാൽ വേതനം ലഭിക്കാറേയില്ല. ജനുവരി മുതൽ മാർച്ച് വരെയുളള സമയത്താണ് കോളേജ് യൂണിയന്റെ പ്രവർത്തനങ്ങൾ അധികവും നടക്കുന്നത്. ഈ ദിവസങ്ങളിലും അദ്ധ്യയനം നടക്കില്ല”, ഡോ. പി. പി. രജിത്ത് ചൂണ്ടിക്കാട്ടി.

നിലവിൽ സംഘടനയുടെ കൈവശമുളള കണക്കുകൾ പ്രകാരം വടക്കൻ ജില്ലകളിലാണ് താത്കാലിക അദ്ധ്യാപകർ കൂടുതലുളളത്. കാസർഗോഡ് ജില്ലയിൽ 132, കണ്ണൂർ ജില്ലയിൽ 216, മലപ്പുറത്ത് 365, കോഴിക്കോട് 169, പാലക്കാട് 150, തൃശ്ശൂർ 150 എന്നിങ്ങനെയാണ് കണക്ക്.

“വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് കാര്യം പറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും നിവേദനം നൽകി. എംഎൽഎമാർ വഴിയും അധികൃതരെ സമീപിച്ചു. പക്ഷെ അനുകൂല തീരുമാനങ്ങൾ എവിടെയും ലഭിച്ചില്ല”, സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും കൊല്ലം സ്വദേശിയുമായ വിഎം ദിലീപ്‌കുമാർ പറഞ്ഞു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം വിഭാഗം അദ്ധ്യാപകനാണ് ഇദ്ദേഹം.

അതേസമയം താത്കാലിക അദ്ധ്യാപകർ ഉന്നയിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കോളേജിയറ്റ് എഡുക്കേഷൻ ഡയറക്ടർ എംഎസ് ജയ പറഞ്ഞു. “അവർ പരാതി നൽകിയിരുന്നു. അതിൽ പറയുന്നത് എല്ലാം ധനകാര്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമെല്ലാം ബന്ധപ്പെടേണ്ട പോളിസി തീരുമാനങ്ങളാണ്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്”, അവർ പറഞ്ഞു. സമരം അദ്ധ്യയനത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം ഇന്നല്ലെങ്കിൽ നാളെ സർക്കാരിന് ഈ വിഷയം പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് പിപി ലിബീഷ് പറയുന്നത്. “സർക്കാർ പ്രതിനിധികൾ എന്തായാലും സംഘടനാ നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വിദ്യാർത്ഥികളും സ്ഥിര അദ്ധ്യാപകരും ഞങ്ങളുടെ ആവശ്യത്തിന് നല്ല പിന്തുണ നൽകുന്നുണ്ട്. ഈയൊരവസരത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സമീപനത്തിൽ മാറ്റമുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ