കോവിഡ് പ്രതിരോധത്തിൽ കേരള മോഡലിനെ പ്രശംസിച്ച് അൽജസീറയും. അൽജസീറ മീഡിയ നെറ്റ്‌വർക്കിന്റെ ഓൺലൈൻ ന്യൂസ് ചാനലായ എജെ പ്ലസ് ആണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മുന്നോട്ട് വച്ച മാതൃകയ്ക്ക് കൈയടിക്കുന്നത്. യുഎസിനേയും ഇന്ത്യയുടെ തന്നെ മറ്റ് സംസ്ഥാനങ്ങളെയും പിന്നിലാക്കി, രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ കേരളത്തിന് സാധിച്ചതെങ്ങനെ എന്നാണ് എജെ പ്ലസ് റിപ്പോർട്ട് ചെയ്യുന്നത്.

മേയ് അവസാനത്തോടെ യുഎസിൽ കോവിഡ് മരണം 10,0000ത്തിന് അടുത്തായപ്പോൾ, കേരളത്തിൽ ഏഴ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന കാര്യം എജെ പ്ലസ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ഐക്യവും തയ്യാറെടുപ്പുകളുമാണ് ഇതിന് കാരണമെന്ന് കൊച്ചിയിലെ എപ്പിഡമോളജി വിഭാഗത്തിലെ ഡോക്ടറായ അർജുൻ മാത്യു എജെ പ്ലസിനോട് പറയുന്നു.

Read More: ‘കൊറോണ കിറ്റ്’: പതഞ്ജലി ലൈസൻസ് നേടിയത് കോവിഡ് മരുന്നിനല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ

കേരളത്തിന്റെ നയങ്ങളും രാഷ്ട്രീയഘടനയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് എജെ പ്ലസ് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തെ കുറിച്ചും സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ൻ ക്യാംപെയിനിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പുകളില്ലാതെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി അതിഥി തൊഴിലാളികൾക്ക് നൂറ് കണക്കിന് കിലോമീറ്ററുകൾ നടന്ന് തങ്ങളുടെ വീടുകളിൽ എത്തേണ്ട സാഹചര്യം ഉണ്ടായെന്നും, എന്നാൽ കേരളം അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവും നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിന്റെ ഈ നേട്ടത്തിനു പിന്നിൽ ഇവിടുത്തെ രാഷ്ട്രീയ ഘടനയാണെന്നും, കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങളാണെന്നും എജെ പ്ലസ് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ സർക്കാർ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും എജെ പ്ലസ് പറയുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോവിഡ് പ്രതിരോധത്തിന് കീടനാശിനികൾ കുത്തിവയ്ക്കാൻ പറഞ്ഞപ്പോൾ, ഇന്ത്യയിൽ ഗോമൂത്രം കുടിക്കാൻ ഹിന്ദു സംഘടനകൾ പറഞ്ഞു. അമേരിക്കയിൽ കറുത്തവർഗക്കാർക്കെതിരെ ആക്രമണം നടന്നപ്പോൾ, ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മോദി സർക്കാരിന്റെ കീഴിൽ, കൊറോണ പടർത്തുന്നവർ എന്ന് ആരോപിച്ച് മുസ്ലീങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നുവെന്നും എജെ പ്ലസ് റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook