തിരുവനന്തപുരം:.പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനിക്കെതിരെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച 92 പേർ രോഗലക്ഷണവുമായി ചികിത്സ തേടിയ സാഹചര്യത്തിലാണ് ഈ നടപടി. ശനിയാഴ്ച ചികിത്സ തേടിയവരിൽ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു.

അസുഖം മൂർച്ഛിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 14 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 54 ആയി. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും കണക്കാണിത്. ഇതുവരെ 269 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പ്രളയത്തിന് ശേഷം ഈ രോഗലക്ഷണവുമായി ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അജീവജാഗ്രത നിർദ്ദേശം നൽകിയത്. എലിപ്പനി ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ ആരും രോഗപ്രതിരോധ പ്രവർത്തനത്തിൽ അലംഭാവം കാട്ടരുത്.

ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാൽ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ജലത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടാൽ ഉടൻ ഡോക്‌സി സൈക്ലിൻ ഗുളിഖ നിർബന്ധമായും കഴിക്കണം. ഇതുവരെ രോഗലക്ഷണം ഉണ്ടായവരിൽ കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.