കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ഡോക്‌ടറുടെ ശുപാർശയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് പ്രകാരം ഒരാൾ ആൾക്കഹോളിക് ആണോ അല്ലയോയെന്ന് മാത്രമാണ് ഡോക്ടർ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Also: ഭക്ഷ്യക്കിറ്റ് 87 ലക്ഷം കുടുംബങ്ങള്‍ക്ക്; ലഭിക്കുന്ന 17 വിഭവങ്ങള്‍ ഇവയാണ്‌

എന്ത് മരുന്ന് നൽകണമെന്ന് സർക്കാർ ഉത്തരവിൽ ഇല്ല. അത് ഡോക്ടർ തീരുമാനിക്കേണ്ടതാണ്. ഒരു ഡോക്ടറും മദ്യം ശുപാർശ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു കഴിഞ്ഞു. പിന്നെ, സർക്കാർ ഉത്തരവുകൊണ്ട് എന്തു കാര്യമെന്നും കോടതി ചോദിച്ചു. മദ്യം നിരോധിച്ചിട്ടില്ലെന്നും ചെറിയ അളവിൽ മദ്യം നൽകുന്നത് ചികിത്സയായി അംഗീകരിച്ച മാതൃക ആണെന്നുമുള്ള സർക്കാർ വാദം കോടതി അംഗികരിച്ചില്ല.

Read Also: ആറടിയേക്കാൾ കൂടുതൽ ഉയരം, രാത്രി വീടുകളുടെ വാതിലിൽ തട്ടുന്നു; തൃശൂരിൽ നിഗൂഢത പരത്തി അജ്ഞാതരൂപം

മദ്യം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് മദ്യം മറുമരുന്നാണെന്ന് എവിടെയാണ് പറയുന്നതെന്ന് കോടതി ചോദിച്ചു. മദ്യത്തിന് മറുമരുന്ന് മദ്യം തന്നെയാണന്ന സർക്കാരിന്റെ ഏകപക്ഷീയ നിലപാട് ആശങ്കാജനകവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഡോക്ടർ നൽകുന്നത് ‘ദുരന്തത്തിനുള്ള കുറിപ്പടി’ ആണെന്നും കോടതി പരിഹസിച്ചു. മദ്യം ഒരു മരുന്നാണെന്നതിനു ശാസ്ത്രീയ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

ഡോക്ടറുടെ ശുപാർശയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപിയും ഐഎംഎയും കെജിഎംഒയും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.