കൊച്ചി:  മദ്യത്തിന് വില എത്രയായാലും മലയാളികള്‍ക്ക് അത് പ്രശ്‌നമല്ല. ഓണം, ക്രിസ്മസ്, വിഷു അങ്ങനെ ആഘോഷങ്ങള്‍ എന്തുമാകട്ടെ മദ്യമില്ലാത്ത ആഘോഷ പരിപാടികള്‍ മലയാളിക്ക് നന്നേ കുറവാണ്. വലിയ വില കൊടുത്ത് മദ്യ കുപ്പികള്‍ വാങ്ങുന്നവരുടെ നെഞ്ച് തകര്‍ക്കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന രേഖ.

മദ്യക്കുപ്പികള്‍ എത്ര രൂപയ്ക്കാണ് പര്‍ച്ചേസ് ചെയ്യുന്നതെന്നും അത് ഷോപ്പുകളില്‍ എത്ര രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് ഈ രേഖ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനാണ് മറുപടി നല്‍കിയിരിക്കുന്നത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡുകളും അതിന് ഈടാക്കുന്ന വിലയുമാണ് രേഖയില്‍ പറയുന്നത്. പര്‍ച്ചേസ് റേറ്റ് വളരെ കുറവും എന്നാല്‍ ഷോപ്പുകളില്‍ വില്‍ക്കുന്ന വില വളരെ ഭീമവുമാണ്. ഓഫീസേഴ്‌സ് ചോയ്‌സ് റം 750 എംഎല്‍  കുപ്പിയുടെ പര്‍ച്ചേസ് റേറ്റ് വെറും 61.03 രൂപ മാത്രമാണ്. എന്നാല്‍, മദ്യഷോപ്പില്‍ ഇത് വില്‍ക്കുന്നത് 650 രൂപയ്ക്കാണ്. എല്ലാ ബ്രാന്‍ഡുകളുടെയും അവസ്ഥ ഇത് തന്നെയാണ്. എങ്ങനെയാണ് ഇത്ര വലിയ വ്യത്യാസത്തില്‍ വില്‍ക്കുന്നത് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകാം.

എന്നാല്‍, കസ്റ്റംസ്, ടാക്‌സ്, ലാന്‍ഡിങ് പ്രൈസ് എന്നിവ ഉള്‍പ്പെടാതെയുള്ള വിലയാണ് പര്‍ച്ചേസ് റേറ്റില്‍ നല്‍കിയിരിക്കുന്നത്. ടാക്‌സും കസ്റ്റംസും ചേര്‍ന്ന് വരുമ്പോള്‍ പര്‍ച്ചേസ് റേറ്റില്‍ വര്‍ധനവ് ഉണ്ടാകും. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടാക്‌സും കസ്റ്റംസ് ഡ്യൂട്ടിയും കേരളത്തില്‍ കൂടുതലാണെന്നാണ് ബിവറേജസ് കോർപറേഷന്‍ ഫിനാന്‍സ് വിഭാഗം അറിയിച്ചത്. നികുതി അടക്കം ചേര്‍ന്നുള്ള വില വരുമ്പോള്‍ പര്‍ച്ചേസ് റേറ്റും ഷോപ്പില്‍ വില്‍ക്കുന്ന വിലയും തമ്മില്‍ ഇത്ര ഭീമമായ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ഫിനാന്‍സ് വിഭാഗം പറയുന്നത്. ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും അടക്കം വൈറലായിരിക്കുന്ന ഈ രേഖയിലെ യഥാര്‍ഥ വസ്തുത ഇതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.