തങ്ങളുടെ ഭക്ഷണത്തില്‍ തൊട്ടാല്‍ മലയാളിക്ക് പൊള്ളും. പ്രത്യേകിച്ച് അത് ബീഫ് ആവുമ്പോള്‍. കന്നുകാലി കശാപ്പ് നിരോധിച്ചതിന്‍റെ ഭവിഷ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. സമൂഹ മാധ്യമങ്ങളിലെ മലയാളി സാന്നിദ്ധ്യങ്ങള്‍ അമിത് ഷായെ വരവേറ്റിരിക്കുന്നത് ജയനെ സ്മരിച്ചുകൊണ്ടാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും നിലവില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് #alavalathiShaji എന്ന ഹാഷ്ടാഗ്.

‘അലവലാതി ഷാജി’ എന്ന ഹാഷ്ടാഗില്‍ വരുന്ന മിക്ക പോസ്റ്റുകളിലും തങ്ങളുടെ ഇഷ്ട ഭക്ഷണമായ ബീഫിനെ ഉള്‍പ്പെടുത്താന്‍ മലയാളികള്‍ മറന്നില്ല. ഇന്ത്യന്‍ സാമ്പത്തിക മേഖല നേരിടുന്ന തകര്‍ച്ചയും, കേരളം ബഹിഷ്കരിക്കാനുള്ള ബിജെപി ഐടി സെല്ലിന്‍റെ കാമ്പൈന്‍, നോട്ടുനിരോധനം എന്നിവയൊക്കെ പോസ്റ്റുകളില്‍ ഇടം നേടിയപ്പോള്‍ അമിത് ഷായ്ക്ക് നല്ല ബീഫ് വിഭവങ്ങള്‍ കഴിക്കാനുള്ള അവസരം ഒരുങ്ങട്ടെ എന്ന് ആശംസിച്ചുകൊണ്ടും ചില രസികന്‍ പോസ്റ്റുകള്‍ കൂട്ടത്തിലുണ്ട്.

മുമ്പ്, കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇതേ രീതിയില്‍ മലയാളികളുടെ രോഷം അനുഭവിക്കേണ്ടി വന്നിരുന്നു. അന്ന് ഷാജി കൈലാസിന്‍റെ ‘പോ മോനെ ദിനേശാ’ എന്ന പഞ്ച് ഡയലോഗ് ആയിരുന്നു #PoMoneModi ആയി പരിണമിച്ചത് എങ്കില്‍ ഇന്നത്തെ തിരഞ്ഞെടുപ്പ് മലയാള സിനിമയിലെ എക്കാലത്തേയും ശക്തനായ നായകന്‍ ജയന്‍റെ ഡയലോഗ് ആണ്.

1978ല്‍ ഇറങ്ങിയ ലിസ എന്ന സിനിമയിലെ സംഭാഷണമാണിത്. ശശി തരൂര്‍ അടക്കം പല പ്രമുഖരും ഈ ഹാഷ്ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ ട്രെന്‍ഡിങ് ആണീ ഹാഷ്ടാഗ്.

Read More: ബീഫില്‍ തിളച്ച് തെന്നിന്ത്യ; ട്വിറ്ററിലെ ട്രെന്‍ഡ് ‘ദ്രാവിഡനാട്’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ