ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി അഖിലാണ് പിടിയിലായിരിക്കുന്നത്. അഖില്‍ ഉള്‍പ്പടെ ഇതുവരെ മൂന്ന് പേരാണ് ഷാന്‍ വധക്കേസില്‍ പിടിയിലായിട്ടുള്ളത്.
ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ രാത്രി ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയതായാണ് വിവരം.
അതേസമയം, രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് വിവരം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും .
ഷാൻ വധക്കേസിൽ ഇതുവരെ രണ്ടു പേരാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാൻഡിൽ കഴിയുന്ന ഇവരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.
രണ്ടു കൊലപാതകങ്ങളിലും ഉപയോഗിച്ചെന്ന് കരുതുന്ന വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാനിനെ ഇടിച്ചു വീഴ്ത്തിയ കാറും രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച രണ്ടു ബൈക്കുകളുമാണ് പൊലീസ് കണ്ടെത്തിയത്. ബൈക്കിൽ രക്തക്കറ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായതെന്നാണ് വിവരം. കേസിൽ 12 പേർക്ക് നേരിട്ട് പങ്കുണ്ടെന്ന് എഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read: രഞ്ജിത്ത് വധക്കേസ്: അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി