ആലപ്പുഴ: എസ് ഡി പി ഐ, ബിജെപി നേതാക്കളുടെ കൊലപാതങ്ങളിലെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ജില്ലയില്‍ ഇന്ന് ചേര്‍ന്ന സമാധാനയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകങ്ങളുടെ തുടര്‍ച്ചയായി ഭാവിയില്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ യോഗത്തില്‍ തീരുമാനമായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കൊലപാതകങ്ങളിലും ഗൂഢാലോചനയിലും പങ്കാളികളായവരേയും നിയമത്തിന് മുന്നില്‍ എത്രയും വേഗം കൊണ്ടുവരാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തു. കൊലപാതകങ്ങള്‍ യോഗം ഒറ്റക്കെട്ടായി അപലപിച്ചു. പൊലീസിന് വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്തിയിട്ടില്ല. പൊലീസിന് വീഴ്ച സംഭവിച്ചു എന്ന് പറഞ്ഞതുകൊണ്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ല,” മന്ത്രി പറഞ്ഞു.
അതേസമയം, ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രതികളാണോയെന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഷാനിന്റെ കൊലപാതകത്തിൽ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്. കേസിൽ വൈകാതെ കൂടുതൽ വ്യക്തത വരും. അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും വിജയ് സാഖറെ പറഞ്ഞു.
Also Read: ആലപ്പുഴ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിൽ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി