ആലപ്പുഴ: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. പ്രതികൾ കേരളം വിട്ടെന്നും അന്വേഷണ സംഘം ഇവർക്കു പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ‘ക്യാറ്റ് ആൻഡ് മൗസ്’ ഗെയിമാണ്. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചിട്ടുണ്ട്. പ്രതികൾ മൊബൈൽ ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയുമാണ് പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെല്ലാം കൊലപാതകത്തിനു സഹായിച്ചവരോ ആസൂത്രണം ചെയ്തവരോ ആണ്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത ആരും തന്നെ പിടിയിലായിട്ടില്ല.
രണ്ടു കൊലപാതകങ്ങളിലും ഉപയോഗിച്ചെന്ന് കരുതുന്ന വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാനിനെ ഇടിച്ചു വീഴ്ത്തിയ കാറും രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച രണ്ടു ബൈക്കുകളുമാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇതിൽ കൂടുതൽ തുമ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് 250-ലധികം വീടുകളിൽ പൊലീസ് പരിശാധന നടത്തിയിരുന്നു.
Also Read:ഷാന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍