തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെ. സുധാകരന്‍ പറഞ്ഞു. “കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ് ഡി പി ഐ, ആര്‍എസ്എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്,” സുധാകരന്‍ പറഞ്ഞു.
“കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പോലുള്ള മതേതര പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ഫാസിസ്റ്റ് വര്‍ഗീയനിലപാടുകള്‍ മാത്രമുള്ള ഈ രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു. അതിനാല്‍ ആര്‍എസ്എസ്-എസ് ഡി പി ഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍. ആര്‍എസ്എസും എസ് ഡി പി ഐയും പലപ്പോഴും പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇരട്ടക്കൊപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. “ഇന്നലെ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി. അതാണ് ബിജെപി നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. എസ് ഡി പി ഐയും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം നടന്ന പ്രദേശത്താണ് ആദ്യ കൊലപാതകം നടന്നത്, അത് ബിജെപിയുടെ മേല്‍ കെട്ടി വെക്കാനുള്ള ശ്രമം നടക്കുന്നു,” മുരളീധരന്‍ പറഞ്ഞു.
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. “വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്. രഞ്ജിത്തിന്റെ കൊലപാതകത്തിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊലീസില്‍ നിന്ന് സഹായം ലഭിച്ചു. സംഭവം മുഖ്യമന്ത്രി ഗൗരവത്തോടെയല്ല എടുത്തിരിക്കുന്നത്. പൊലീസിന് ക്രമസമാധാനം പാലിക്കാന്‍ അറിയില്ലെങ്കില്‍ കേന്ദ്രത്തെ അറിയിക്കണം,” സുരേന്ദ്രന്‍ വ്യക്തമാക്കി.
എസ് ഡി പി ഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. “കുറ്റവാളികളേയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ എസ് എസും എസ് ഡി പി ഐയും ആയുധങ്ങള്‍ എടുത്തു കൊണ്ട് പരസ്പരം നടത്തുന്ന കൊലപാതകങ്ങള്‍ നമ്മുടെ നാടിന് ആപത്താണെന്ന് രമേശ് ചെന്നിത്തല എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു. “അക്രമങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുണ്ട അക്രമങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം,” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി തനിക്കറിയുന്ന രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്നും ഇരുവരും സംഘര്‍ഷങ്ങളിലൊന്നും പോകുന്നവരായിരുന്നില്ലെന്നും ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്‍ പറഞ്ഞു. “ഇരുവരും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരാണ്. രണ്ട് കൊലപാതകങ്ങളും നമ്മുടെ നാട്ടിലെ ജനങ്ങളില്‍ ഉത്കണ്ഠയുളവാക്കുന്നവയാണ്. ഇതിനെതിരെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും സമാധാനം ഉറപ്പു വരുത്തുന്നതിനായി പൊലീസിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യണം,” ചിത്തരഞ്ജന്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തിയായിരുന്നു ആക്രമണം. പരിക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ഷാനിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കും. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് എസ് ഡി പി ഐ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയെ രഞ്ജിത്തിനെ ആലപ്പുഴ നഗരഭാഗമായ വെള്ളക്കിണറിന് സമീപം എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ തുടരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
Also Read: ആലപ്പുഴയില്‍ സംഘര്‍ഷം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; ജില്ലയില്‍ നിരോധനാജ്ഞ