scorecardresearch
Latest News

ആലപ്പുഴ ഇരട്ടക്കൊലപാതകം: തിങ്കളാഴ്ച സമാധാന യോഗം

യോഗത്തിൽ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കും

BJP Leader Killed, ബിജെപി നേതാവ് കൊല്ലപ്പെട്ടു, രഞ്ജിത് ശ്രീനിവാസന്‍, SDPI State Secretary Killed, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടു, കെ എസ് ഷാന്‍, Political Killing, രാഷ്ട്രീയ കൊലപാതകം, SDPI, RSS, ആലപ്പുഴ, Kerala Police, പിണറായി വിജയന്‍, Latest News, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവ് കെ. എസ്. ഷാന്‍, ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പിറകെ ജില്ലയിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ ജില്ലാ കലക്ടർ യോഗം വിളിച്ച് ചേർത്തു. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിക്ക് ആലപ്പുഴ ജില്ലാ കലക്ടറേറ്റിൽ വച്ചാണ് യോഗം. യോഗത്തിൽ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കും.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തിയായിരുന്നു ആക്രമണം. പരിക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ഷാനിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കും. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് എസ് ഡി പി ഐ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയെ രഞ്ജിത്തിനെ ആലപ്പുഴ നഗരഭാഗമായ വെള്ളക്കിണറിന് സമീപം വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ തുടരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം: അന്വേഷിക്കാന്‍ പ്രത്യേക സംഘം; 50 പേർ കസ്റ്റഡിയിലെന്ന് ഐജി

കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ‍ഡിജിപി വിജയ് സാഖറയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇരുകൊലപാതകങ്ങളും അന്വേഷിക്കുക. അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു.

രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. രഞ്ജിതിന്‍റെ വീട്ടിലേക്ക് അക്രമിസംഘം പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കുകളിൽ ഹെൽമറ്റ് ധരിച്ച നിലയിലായിരുന്നു അക്രമികളെന്നും പൊലീസ് പറഞ്ഞു.

Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെ. സുധാകരന്‍ പറഞ്ഞു. “കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ് ഡി പി ഐ, ആര്‍എസ്എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്,” സുധാകരന്‍ പറഞ്ഞു.

കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. “ഇന്നലെ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി. അതാണ് ബിജെപി നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. എസ് ഡി പി ഐയും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം നടന്ന പ്രദേശത്താണ് ആദ്യ കൊലപാതകം നടന്നത്, അത് ബിജെപിയുടെ മേല്‍ കെട്ടി വെക്കാനുള്ള ശ്രമം നടക്കുന്നു,” മുരളീധരന്‍ പറഞ്ഞു.

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. “വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്. രഞ്ജിത്തിന്റെ കൊലപാതകത്തിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊലീസില്‍ നിന്ന് സഹായം ലഭിച്ചു. സംഭവം മുഖ്യമന്ത്രി ഗൗരവത്തോടെയല്ല എടുത്തിരിക്കുന്നത്. പൊലീസിന് ക്രമസമാധാനം പാലിക്കാന്‍ അറിയില്ലെങ്കില്‍ കേന്ദ്രത്തെ അറിയിക്കണം,” സുരേന്ദ്രന്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Alappuzha political killing district administration calls all party meeting