ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. വലിയഴീക്കലിലെ കുടുംബ വീട്ടുവളപ്പിലായിരുന്നും സംസ്കാരം. സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.
പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് പത്തരയോടെ വിലാപയാത്രയായി ആലപ്പുഴയിലേക്കു കൊണ്ടുവന്ന മൃതദേഹം ജില്ലാ കോടതിക്കു മുന്നിലെ ബാര്‍ അസോസിയേഷന് ഹാളില്‍ പൊതുദർശനത്തിനു വച്ചു. തുടർന്ന് വെള്ളക്കിണറിലെ വീട്ടിലേക്കു എത്തിച്ചു. അവിടെനിന്നാണ് വലിയഴീക്കലിലെ കുടുംബവീട്ടിലേക്കു കൊണ്ടുവന്നത്. രഞ്ജിത്തിന് അന്തിമോപചാരമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്തിയിരുന്നു.
ഇന്നലെ നടക്കേണ്ടിയിരുന്ന പോസ്റ്റ്മോർട്ടം കോവിഡ് പരിശോധന ഫലം ലഭിക്കാൻ വൈകിയതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നാണ് സംസ്കാരം വൈകിയത്.
അതേസമയം, സംഭവത്തിൽ ഉടൻ അറസ്റ്റുണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. സാധ്യതയുണ്ട്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ വധത്തിൽ രണ്ട് ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിലൊരാളാണ് കൊലപാതകത്തിന്റെ ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്.
രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം: അന്വേഷിക്കാന്‍ പ്രത്യേക സംഘം; 50 പേർ കസ്റ്റഡിയിലെന്ന് ഐജി
അതിനിടെ, ജില്ലയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജില്ലാ കലക്ടർ വിളിച്ച് ചേർത്ത യോഗം നാളെ വൈകിട്ട് നാലിനു നടക്കും. ആലപ്പുഴ ജില്ലാ കലക്ടറേറ്റിൽ വച്ചാണ് യോഗം.