ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന സർവകക്ഷി സമാധാന യോഗം നാളത്തേക്ക് മാറ്റി. രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും യോഗം നാളെയോ മറ്റന്നാളോ ആകാമെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. നാളെ വൈകുന്നേരം നാല് മണിക്കാണ് യോഗം.
രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം ബോധപൂർവം വൈകിപ്പിച്ചതാണെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. സർക്കാർ എസ്.ഡിപി.ഐക്ക് ഒപ്പമാണെന്നും അവരുടെ സൗകര്യത്തിനാണ് ഇന്ന് സമാധാനയോഗം വിളിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നേരത്തെ, കൂടിയാലോചിച്ചല്ല സമയം തീരുമാനിച്ചതെന്നും രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്തായതിനാൽ പങ്കെടുക്കാനാവില്ലെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. തുടർന്ന് മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം അഞ്ച് മണിയിലേക്ക് മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു.
Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം; ബിജെപി നേതാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്, കൂടുതൽ അറസ്റ്റിന് സാധ്യത
സര്‍വ്വകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരും സംസാരിച്ചിട്ടില്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്നോ ചടങ്ങുകള്‍ എപ്പോള്‍ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ എം.വി ഗോപകുമാർ പറഞ്ഞു.
അതേസമയം മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും എല്ലാവരോടും ആലോചിച്ചാണ് സമയം തീരുമാനിച്ചതെന്നും ജില്ലാഭരണകൂടം അറിയിച്ചു.