ആലപ്പുഴ: യാത്രക്കാരന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഹെൽമറ്റ് നിർബന്ധമാക്കിയതെങ്കിലും പലർക്കും അതൊരു ഭാരമാണ്. അതിനാൽ തന്നെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരോട് പൊലീസ് പിഴയടയ്ക്കാൻ ആവശ്യപ്പെടുന്നത് പുതിയ കാര്യവുമല്ല. എന്നാൽ വല്ലപ്പോഴും മാത്രമല്ലേ ഈ പരിശോധനകൾ നടക്കാറുളളൂ? ആ പതിവ് തെറ്റിക്കാനാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ തീരുമാനം.

ആലപ്പുഴയിൽ ഇന്ന് മുതൽ ഹെൽമറ്റ് പരിശോധന കർശനമാക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി വ്യക്തമാക്കി. തന്റെ നിയന്ത്രണ പരിധിയിലുളള എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അയച്ചതായി അദ്ദേഹം പറഞ്ഞു. ദിവസവും  വൈകിട്ടു 4 മുതൽ 8 വരെ എല്ലാ പൊലീസ് വാഹനങ്ങളും റോഡിലുണ്ടാകണമെന്നും പട്രോളിങ് വ്യാപകമാക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ജില്ലയിൽ അപകട മരണങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. എല്ലാ റോഡ് നിയമ ലംഘനങ്ങൾക്കും എതിരെ നടപടി കർശനമാക്കാനാണ് തീരുമാനം. നിരീക്ഷണ ക്യാമറകളെല്ലാം തകരാർ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കും.

ആലപ്പുഴയിൽ രാത്രി വാഹനമോടിക്കുന്നവർക്ക് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്ന പരിപാടി ചില പൊലീസ് സ്റ്റേഷനുകളിൽ തുടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.  സഹകരിക്കാൻ സന്നദ്ധരായി യുവാക്കൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ