ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. മന്ത്രിയുടെ ഭൂമി കൈയേറ്റങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ കൗണ്‍സിലാണ് ശുപാർശ ചെയ്തത്.
ആലപ്പുഴ ചുങ്കത്ത്, തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന് വേണ്ടി വയൽ നികത്തി റോഡ് നിർമ്മിച്ചെന്നാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം.
വേമ്പനാട്ടുകായലിനോട് ചേർന്ന മാർത്താണ്ഡം കായലിൽ അഞ്ചേക്കറോളം വരുന്ന ഭാഗം തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയെന്ന ആരോപണം നിഷേധിച്ച് റവന്യു വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിയമസഭയിൽ ആരോപണങ്ങൾ ശക്തമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചാണ്ടിയെ പിന്തുണച്ചാണ് രംഗത്തെത്തിയത്.
ഇതിനിടെ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ മുപ്പതോളം നിർണായക ഫയലുകൾ കാണാതാവുകയും ചെയ്തു. തോമസ് ചാണ്ടി റിസോർട്ടിന് വേണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാനമായ 32 ഫയലുകൾ അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
റിസോർട്ടിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസിൽനിന്നു കടത്തിയത്. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായതെന്നാണു സൂചന. മുനിസിപ്പൽ എൻജിനീയറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായായിരുന്നു പരിശോധന നടത്തിയിരുന്നത്.