ആലപ്പുഴ: കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിലേക്ക്.
കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കളക്ടര്‍ ടിവി അനുപമ നല്കിയ റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സത്യവാങ്മൂലം നല്കി. കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കളക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് തളളണമെന്നും അദ്ദേഹം കൂടി ഉടമസ്ഥനായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു. അത്കൊണ്ട് തന്നെ ഇത് കോടതിക്ക് എതിരായ നീക്കമാണെന്നും അദ്ദേഹത്തിന്റെ കമ്പനി സത്യവാങ്മൂലത്തില്‍ പറയുന്നു.
ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ചാണ്ടി കോടതിയിലേക്ക് നീങ്ങിയത്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഏഴു ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് കാട്ടി ആലപ്പുഴ നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്. ഇല്ലാത്തപക്ഷം റിസോർട്ടിനോട് അനുബന്ധിച്ചുള്ള 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ അന്ത്യശാസനം നൽകി.
രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ കെട്ടിടങ്ങൾ ഉടമസ്ഥന്റെ ചെലവിൽ നഗരസഭ പൊളിച്ചുമാറ്റും. ഇതിനു തയറായില്ലെങ്കിൽ നഗരസഭ കെട്ടിടങ്ങൾ പൊളിച്ച് ഇതിന്റെ ചെലവ് ലേക്ക് പാലസ് റിസോർട്ടിൽനിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ആലപ്പുഴ നഗരസഭയിൽനിന്നു കാണാതായിരുന്നു. ഇതേതുടർന്നാണു രേഖകൾ വീണ്ടും ഹാജരാക്കാൻ അധികൃതർ നിർദേശിച്ചത്. മുന്‍പ് രേഖകൾ ഹാജരാക്കാൻ നഗരസഭ നിർദേശിച്ചിരുന്നെങ്കിലും ലേക്ക് പാലസ് റിസോർട്ട് അധികൃതർ നോട്ടീസിനു മറുപടി പോലും നൽകാൻ തയാറായില്ല. ഇതേതുടർന്നാണു നഗരസഭ നിലപാട് കർശനമാക്കിയത്.
തോമസ് ചാണ്ടിക്കെതിരായ ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണുളളത്. വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഡയറക്ടർ ബോർഡ് അംഗമാണ് തോമസ് ചാണ്ടി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിർമിച്ചതിലും നിയമലംഘനം നടന്നായി കലക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ഇക്കാര്യം റവന്യൂമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.